ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ചെങ്കൊടിയേന്തുമോ ?

single-img
23 January 2018

തിരുവനന്തപുരം: കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനു കളം ഒരുങ്ങിയ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രയായി നടി മഞ്ജു വാര്യരെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ആറുമാസത്തിനകം നടക്കേണ്ട ഉപതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ നിയോഗിച്ചും പുതുസമവാക്യങ്ങള്‍ രചിച്ചും തുറുപ്പുചീട്ടുകള്‍ വീശാനാണു മുന്നണികളുടെ തീരുമാനം. കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിച്ചു സിറ്റിങ് സീറ്റ് നിലനിര്‍ത്തേണ്ടതു ഭരണകക്ഷിയായ സിപിഎമ്മിന് അഭിമാന പ്രശ്‌നമാണ്.

സര്‍ക്കാരിന്റെ വിലയിരുത്തലാകും ഫലമെന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണു സിപിഎം നീങ്ങുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖത്തെ അന്വേഷിക്കുന്ന ഇടതുപക്ഷം, നടി മഞ്ജു വാരിയറെ സ്ഥാനാര്‍ഥിയാക്കുമെന്നും പ്രചാരണമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവുമായി ഇതേപ്പറ്റി സംസാരിച്ചെന്നാണു വിവരം.

സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പരിവേഷവും സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകളും നിലപാടുകളും മഞ്ജുവിന്റെ പ്രതിഛായ ഉയര്‍ത്തുന്നു. പൊതുസമ്മതയായ സ്വതന്ത്ര സ്ഥാനാര്‍ഥിയായാകും ഇവരെ അവതരിപ്പിക്കുക. എന്നാല്‍ ഇതുസംബന്ധിച്ചു മഞ്ജു ഉള്‍പ്പെടെ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂരില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുക ശ്രമകരമാണ്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ പൊതുസ്വീകാര്യത വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സി.പി.എം കരുതുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്നതാണ് മഞ്ജുവിനെ പരിഗണിക്കാന്‍ ഇടയാക്കിയത്. സിനിമാതാരങ്ങളായ മുകേഷും ഇന്നസെന്റുമൊക്കെ ഇടതുപക്ഷ സ്വതന്ത്ര ലേബലില്‍ വിജയിച്ചു കയറിയ ചരിത്രവും ഈ ആലോചനയ്ക്ക് പിന്നിലുണ്ട്.