വായ്പ തിരിച്ചടച്ചില്ല; കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

single-img
22 January 2018

കൃഷിയാവശ്യത്തിന് വേണ്ടി വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകനെ പണം പിരിക്കാനെത്തിയവര്‍ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. കൃഷിയാവശ്യത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ഉത്തര്‍പ്രദേശ് സീതാപൂര്‍ സ്വദേശി ഗ്യാന്‍ ചന്ദ്രയാണ് കൊല്ലപ്പെട്ടത്.

പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ ഗ്യാന്‍ ചന്ദ്രയുടെ ട്രാക്ടര്‍ ജപ്തി ചെയ്യാന്‍ എത്തിയ സംഘമാണ് കൊല നടത്തിയത്. ട്രാക്ടര്‍ വാങ്ങുന്നതിനു വേണ്ടിയാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഗ്യാന്‍ പണം വായ്പ വാങ്ങിയത്.

വായ്പാ തിരിച്ചടവ് പലിശ സഹിതം 99,000 രൂപയാണ് ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ രണ്ട് ദിവസം മുന്‍പ് പണം കടം കൊടുത്ത സ്ഥാപനത്തിലെ ഏജന്റ് എത്തി ഗ്യാനിന്റെ പക്കല്‍ നിന്നും ട്രാക്ടറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. വാഹനം കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഗ്യാനിനെ തള്ളിമാറ്റി.

തുടര്‍ന്ന് ഗ്യാന്‍ ട്രാക്ടറിന്റെ അടിയിലേക്ക് വീഴുകയും ട്രാക്ടര്‍ ശരീരത്തില്‍ കയറി മരിക്കുകയുമായിരുന്നു. തന്റെ കണ്‍മുന്നില്‍ വെച്ചാണ് ഗ്യാന്‍ പിടഞ്ഞു മരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഓം പ്രകാശ് പറഞ്ഞു. രണ്ടര ഏക്കര്‍ ഭൂമിയാണ് ഗ്യാനിന് സ്വന്തമായുള്ളത്.

എന്നാല്‍ കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്താലാണ് അഞ്ച് പെണ്‍മക്കളുള്‍പ്പെടെ ഏഴ് അംഗങ്ങളുള്ള കുടുംബം പോറ്റിയിരുന്നത്. ഈ മാസം ആദ്യം 35,000 രൂപ ഗ്യാന്‍ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ബാക്കി തുക തിരിച്ചുനല്‍കാന്‍ ഏതാനും ദിവസങ്ങള്‍ വൈകിയതിനാലാണ് ഏജന്റ് എത്തി ട്രാക്ടര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എം.പി സിംഗ് അറിയിച്ചു.