ആകാശത്തു നിന്ന് വീണ വസ്തു അമൂല്യമെന്നു കരുതി നാട്ടുകാര്‍ പങ്കിട്ടെടുത്തു; ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ വിമാനത്തില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യം!

single-img
22 January 2018

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഗുഡ്ഗാവിന് സമീപം ഫാസില്‍പൂര്‍ ഗ്രാമത്തില്‍ രജ്ബീര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് വലിയ ശബ്ദത്തോടെ ഒരു വസ്തു വന്നു പതിച്ചത്. വെള്ളനിറത്തില്‍ സുതാര്യമായ മേല്‍പ്പാളിയോടെ കണ്ട അത്ഭുത വസ്തുവിന് ഐസ് കട്ടയോളം തണുപ്പുമുണ്ടായിരുന്നു.

വിചിത്ര വസ്തു മിസൈലാണോ ബോംബാണോ മറ്റെന്തെങ്കിലും ധാതുക്കളാണോ എന്ന് തിരിച്ചറിയാതെ ഗ്രാമവാസികള്‍ പരക്കം പാഞ്ഞു. വിചിത്ര വസ്തുവിനെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ ഗ്രാമത്തലവനടക്കമുള്ളവര്‍ രജ്ബീറിന്റെ കൃഷിയിടത്തിലെത്തി.

കുട്ടികളാകട്ടെ അത്ഭുത വസ്തുവിന് ചുറ്റും കൗതുകത്തോടെ കറങ്ങിനടന്നു. ഇതിനിടെ അമൂല്യധാതുവാണിതെന്ന വാദത്തിന് ബലമേറിയതോടെ ഗ്രാമവാസികള്‍ അത്ഭുത വസ്തു പൊട്ടിച്ചെടുത്ത് വീട്ടിലേക്ക് മടങ്ങി. ഇതോടെ ഗ്രാമമുഖ്യന്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

ദുരന്ത നിവാരണ സംഘത്തിലെയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെയും ഉന്നതര്‍ അമൂല്യ വസ്തുവിന്റെ പരിശോധനയ്ക്കായി ഗ്രാമത്തിലെത്തി. ഇവരുടെ പരിശോധനാഫലം ഗ്രാമവാസികളുടെ പരിഭ്രാന്തിയും അമ്പരപ്പും ഒഴിവാക്കിയതിനൊപ്പം നാണക്കേടിന്റെ പടുകുഴിയിലേക്ക് ഇവരെ തള്ളിയിടുകയും ചെയ്തു.

വിമാനത്തില്‍ നിന്ന് താഴെ വീണ മനുഷ്യവിസര്‍ജ്യമാണ് ഗ്രാമത്തിലെത്തിയ ‘അത്ഭുത വസ്തു’ എന്നായിരുന്നു പരിശോധന സംഘത്തിന്റെ കണ്ടെത്തല്‍. സൂക്ഷിക്കാനും നശിപ്പിക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് ശീതീകരിച്ച് ‘ബ്ലൂ ഐസ്’ മാതൃകയിലാണ് ടോയ്‌ലറ്റ് മാലിന്യം വിമാനത്തില്‍ സൂക്ഷിക്കുക.

അബദ്ധവശാല്‍ വിമാനത്തില്‍ നിന്ന് ബ്ലൂ ഐസ് താഴെ വീണതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 2016ല്‍ ഭോപ്പാലിനെ ഒരു ഗ്രാമത്തിലും മാലിന്യം വീണിരുന്നു.