ഇന്ത്യയില്‍ കോടീശ്വരന്മാര്‍ കൂടുന്നു: മോദി സര്‍ക്കാരിനെക്കൊണ്ട് നേട്ടം കോടീശ്വരന്മാര്‍ക്ക്; പാവപ്പെട്ടവരെയും ശ്രദ്ധിക്കണമെന്ന് ഓക്‌സ്ഫാം

single-img
22 January 2018

 
ഇന്ത്യയിലെ സമ്പത്തിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍. മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം നടത്തിയ സര്‍വേയിലാണ് വരുമാനത്തിലെ അസംതുലിതാവസ്ഥയെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സര്‍വേയിലെ കണക്കനുസരിച്ച് രാജ്യത്തിലെ സമ്പന്നരായ ഒരു ശതമാനംപേര്‍ 58 ശതമാനം സമ്പത്തായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

എന്നാല്‍ ഈ വര്‍ഷം അത് 78 ശതമാനമായി ഉയര്‍ന്നു. സമ്പത്തിന്റെ കാര്യത്തില്‍ തുല്യമായ വിതരണമല്ല ഇന്ത്യയിലേതെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയാകുന്നതാണ്. ലോക സാമ്പത്തിക ഫോറത്തിന് ദാവോസില്‍ തുടക്കം കുറിക്കാനിരിക്കെയാണ് രാജ്യാന്തര സന്നദ്ധസംഘടനയായ ഓക്‌സ്ഫാമിന്റെ സാമ്പത്തിക സര്‍വേഫലം പുറത്തുവന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തികരംഗത്തെ ഈ അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഉണ്ടായ സമ്പത്തില്‍ 82 ശതമാനമാണ് ഒരു ശതമാനം വരുന്ന ധനികരിലേക്കു മാത്രമായി ഒഴുകിയിറങ്ങിയത്. അതേസമയം തികച്ചും പാവപ്പെട്ട 370 കോടിയോളം വരുന്ന ജനത്തിന്റെ സമ്പത്തില്‍ യാതൊരു വര്‍ധനയും രേഖപ്പെടുത്തിയില്ല.

ഇന്ത്യന്‍ കോടീശ്വരന്മാരുടെ സ്വത്ത് ദേശീയ ബജറ്റോളം! ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം വരുന്ന ധനികര്‍ കയ്യടക്കിയിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യാന്തര തലത്തില്‍ അത് 50 ശതമാനമായിരുന്നു.

രണ്ടിലും വന്‍വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ധനികരുടെ സ്വത്ത് 2017 ല്‍ മാത്രം 20.9 ലക്ഷം കോടിയോളം രൂപയുടെ വര്‍ധനയാണുണ്ടായത്. 2017–18ല്‍ ഇന്ത്യയുടെ മൊത്തം ബജറ്റിനോളം വരുന്ന തുകയാണിത്. കോടിക്കണക്കിനു പേര്‍ ദാരിദ്ര്യം കൊണ്ടു വലയുമ്പോള്‍ ചെറിയൊരു വിഭാഗം എങ്ങനെ സ്വത്ത് സ്വരുക്കൂട്ടുന്നുവെന്നതിന്റെ വിശകലനവും ‘റിവാര്‍ഡ് വര്‍ക്, നോട്ട് വെല്‍ത്ത്’ എന്നു പേരിലെ റിപ്പോര്‍ട്ടിലുണ്ട്.

കോടീശ്വരന്മാര്‍ അരങ്ങുവാഴുന്നു ശതകോടീശ്വാരന്മാരുടെ എണ്ണത്തിലും 2017ല്‍ വന്‍ വര്‍ധനയാണുണ്ടായത്. രണ്ടു ദിവസത്തില്‍ ഒരാള്‍ എന്ന കണക്കിലായിരുന്നു ശതകോടീശ്വരന്മാരുടെ ഉദയം. കോടീശ്വരന്മാരുടെ വരുമാനത്തില്‍ 2010 മുതല്‍ പ്രതിവര്‍ഷം 13 ശതമാനം വീതമാണു വര്‍ധന.

സാധാരണക്കാരുടെ ശമ്പളത്തിന് വര്‍ധനയുണ്ടാകുന്നതിന്റെ ആറിരട്ടി വേഗത്തിലാണ് ഇത്തരത്തില്‍ കോടീശ്വരന്മാരുടെ വരുമാന വര്‍ധന. സാധാരണക്കാര്‍ക്ക് ശമ്പള വര്‍ധനയുണ്ടാകുന്നത് ഓരോ വര്‍ഷവും വെറും രണ്ടു ശതമാനം എന്ന കണക്കിലാണ്.

ഇന്ത്യയിലെ ഒരു വന്‍കിട വസ്ത്രനിര്‍മാണ കമ്പനിയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെ ഉദ്യോഗസ്ഥന്റെ ശമ്പളത്തോളം തുക ലഭിക്കണമെങ്കില്‍ ഒരു ഗ്രാമീണന് 941 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യുഎസിലാകട്ടെ ഒരു സിഇഒയ്ക്ക് ഒറ്റദിവസം കൊണ്ടുണ്ടാക്കാവുന്ന തുക സ്വന്തമാക്കാന്‍ സാധാരണക്കാരന് ഒരു വര്‍ഷം വേണം.