അടുത്ത കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മോദി

single-img
22 January 2018

ന്യൂഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

എന്‍.ഡി.എ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക നയങ്ങളെയും പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. രാജ്യത്ത് ആവിഷ്‌കരിച്ച നോട്ട് നിരോധനവും ജി.എസ്.ടി സംവിധാനവും വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സാമ്പത്തികമായി ശക്തിപ്പെടുത്തും.

അതിനായി പരിഷ്‌കരണപാതയില്‍ തുടരും. ഈ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നാക്കമാണെന്നത് നുണപ്രചാരണമാണ്. കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ വിഷയങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്ന് മോദി പറഞ്ഞു.

സര്‍ക്കാര്‍ വികസന അജന്‍ഡയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ മോദി ഇന്ത്യയെ ലോകത്തെ ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്നും അറിയിച്ചു. സാധാരണക്കാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ഈ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പൂര്‍ണമായും ധനമന്ത്രിയുടെ ചുമതലയാണെന്നും അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.