‘നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ദിലീപിന് അറിയാം’

single-img
22 January 2018


കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍. കേസില്‍ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പൊലീസ് അങ്കമാലി മജിസ്ട്രട്ട് കോടതിയില്‍ അറിയിച്ചു. ഇരയെ സമൂഹത്തില്‍ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ ഉണ്ടെന്ന് ദിലീപിന് അറിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ പരാതി അക്കാര്യം വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിന്റെ പരാതിയില്‍ സാങ്കേതികമായി കണ്ടെത്തേണ്ട ചില വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ പൊലീസിന്റെ ആരോപണങ്ങളെന്നും ദിലീപ് അവകാശപ്പെട്ടു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിന് കടകവിരുദ്ധമാണ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പൊലീസും ചേര്‍ന്ന് തന്നെ കുടുക്കാന്‍ വേണ്ടി ഒത്തുകളിച്ചു. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയത്.

ഈ മെമ്മറി കാര്‍ഡില്‍ മാറ്റം വരുത്തി അതിലുള്ള സ്ത്രീശബ്ദം നീക്കാന്‍ ശ്രമം നടന്നുവെന്നും ദിലീപ് ആരോപിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.