നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്;ഭാവനയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര

single-img
21 January 2018

മുംബൈ: വിവാഹജീവിതത്തിലേക്ക് കടക്കുന്ന മലയാളത്തിന്റെ താരസുന്ദരി ഭാവനയ്ക്ക് ആശംസയറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭാവനയ്ക്ക് ആശംസയറിയിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

”ഭാവന, ഞാന്‍ പ്രിയങ്ക…നിനക്ക് എന്റെ വിവാഹ ആശംസകള്‍. നിന്റെ ജീവിതത്തിലെ പുതിയ യാത്രയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. അഭിനന്ദനങ്ങള്‍…നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്. ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു”. പ്രിയങ്ക പറഞ്ഞു.

കന്നഡ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്.പരേതനായ ഫോട്ടോഗ്രാഫര്‍ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന. ജയദേവാണ് സഹോദരന്‍. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക മേനോന്‍ എന്ന ഭാവന സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളടക്കം ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. നമ്മളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.