ഏഴിമല നാവിക അക്കാദമിക്ക് തൊട്ടടുത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ കഞ്ചാവ് കൃഷി

single-img
20 January 2018

 


കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ കഞ്ചാവ് കൃഷി കണ്ടെത്തി. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും ചെടികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏഴിമല നാവിക അക്കാദമിയുടെ രാമന്തളിയിലുള്ള പയ്യന്നൂര്‍ ഗേറ്റിന് സമീപമാണ് സംഭവം. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപമാണ് കഞ്ചാവ് വളര്‍ത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കഞ്ചാവ് ചെടിയുടെ ചിത്രം മൊബൈലിലാക്കി സംശയനിവൃത്തി വരുത്തിയശേഷമാണ് പോലീസിനെ വിവരമറിയിച്ചത്.

കഞ്ചാവ് ചെടിയുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവ നശിപ്പിക്കാനായി കൂടെയുണ്ടായിരുന്നവരെ ഏല്‍പ്പിച്ച് ചെടി വളര്‍ത്തിയവര്‍ അക്കാദമി പ്രദേശത്തേക്ക് കടന്നു. പോലീസും നാട്ടുകാരും എത്തുമ്പോഴേയ്ക്കും ചെടികള്‍ പിഴുതുകൂട്ടി തീയിട്ട് കത്തിച്ചിരുന്നു.

ചെടികളുടെ അവശിഷ്ടമാണ് പോലീസിന് ലഭിച്ചത്. നാവിക അക്കാദമി പ്രദേശത്ത് നടക്കുന്ന കരാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണ് കഞ്ചാവ് കൃഷിചെയ്ത തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഗ്യാസ് കട്ടിംഗ് ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിലെ തുരിയല്‍ വില്ലേജിലെ മണീന്ദ്രനാഥ് ദാസ്, സഞ്ജയ്കുമാര്‍ ദാസ്, ഉത്തനംകുമാര്‍ദാസ്, ദിനേശ്ചന്ദ്രദാസ്, നിത്തൈദാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങള്‍ക്കുമുമ്പ് രാമന്തളി വടക്കുമ്പാട് ഉത്തരേന്ത്യക്കാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത് കണ്ടെത്തിയിരുന്നു.