ആധാര്‍ സിമ്മുമായി ബന്ധിപ്പിച്ചില്ല: ആധാര്‍ ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ വിഛേദിച്ചു

single-img
20 January 2018

ബെംഗളൂരു: ആധാറുമായി മൊബൈല്‍ സിം ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി വിഛേദിച്ചു. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ് യുഐഡിഎഐ ഉദ്യോഗസ്ഥന് കണക്ഷന്‍ നഷ്ടപ്പെടുന്നത്.

കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറക്ടറായ എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ഫോണ്‍ കമ്പനി നിര്‍ജ്ജീവമാക്കിയത്. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചാരണത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചത് യുഐഡിഎഐയ്ക്കു ക്ഷീണമായി.

ഒറ്റത്തവണ പാസ്വേര്‍ഡ്(OTP)ഉപയോഗിച്ച് താന്‍ സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നെന്നും എന്നാല്‍ ടെലകോം ഓപ്പറേറ്റര്‍ വിരലടയാളം നിര്‍ബന്ധമായി ആവശ്യപ്പെട്ടതാണ് സംഭവത്തിനിടയാക്കിയതെന്നും പ്രഭാകര്‍ ആരോപിക്കുന്നു. എന്നാല്‍ ആരുടെയും സിംകണക്ഷന്‍ തങ്ങള്‍ വിഛേദിച്ചിട്ടില്ലെന്ന് സര്‍വ്വീസ് പ്രൊവൈഡര്‍ പ്രതിനിധികള്‍ അറിയിച്ചു.