ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു

single-img
19 January 2018

കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി പി.പി.അബ്ദുള്‍ മനാഫ് (30) സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം. നവംബറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു.മനാഫിന്റെ സുഹൃത്ത്‍ കുറ്റ്യാട്ടൂർ ചെക്കിക്കുളത്തെ അലക്കാടൻകണ്ടിയിലെ അബ്ദുൾ ഖയൂമാണ് വിവരം സിറിയയിൽനിന്ന് കൈമാറിയത്‍. മനാഫ്‍ അടക്കം സിറിയയിലുള്ള അഞ്ചുപേരുടെ ചിത്രം നവംബറിൽ പൊലീസ്‍ പുറത്തുവിട്ടിരുന്നു

ഭാര്യയും മൂന്ന് മക്കൾക്കുമൊപ്പമാണ് മനാഫ്‍ സിറിയയിലേക്ക്‍ പോയത്‍. പോപ്പുലർഫ്രണ്ടിൽ സജീവമായിരുന്ന മനാഫ്‍ ഡിവൈഎഫ്‍ഐ പ്രവർത്തകനായ ഒ ടി വിനീഷിനെ വധിച്ച കേസിൽ പ്രതിയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഓഫീസ്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‍. വ്യാജ പാസ്‍പോർട്ട്‍ ഉപയോഗിച്ചാണ് സിറിയയിലേക്ക്‍ കടന്നത്‍. ബന്ധുക്കൾക്ക്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും ഐഎസിന്റെ ചില വെബ്‍സൈറ്റുകളിലൂടെയും ഇവർ സിറിയയിലെ ഐഎസ്‍ കേന്ദ്രത്തിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂരിൽ നിന്ന് 15 പേരാണ് ഐഎസിൽ ചേർന്നത്‍. ഐഎസ്‍ ബന്ധമുള്ള അഞ്ചുപേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ്‍ ചെയ്‍തിരുന്നു.

കേരളത്തില്‍ ഐസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.