ജിത്തുവിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍: അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍

single-img
18 January 2018

അമ്മ പതിനാലുകാരനെ കൊലപ്പെടുത്തിയത്തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിത്തു ജോബിന്റെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി.

അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മൃതദേഹം കത്തിക്കുന്നതിനു മുമ്പ് വെട്ടിനുറുക്കിയതാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിരീക്ഷണം. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്ന ജയമോളുടെ മൊഴി ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ ഈ കണ്ടെത്തല്‍.

അതേസമയം ജയക്ക് മാനസിക രോഗമെന്ന ഭര്‍ത്താവിന്റെ വാദം തളളി നാട്ടുകാര്‍. ഞങ്ങളുടെ അനുഭവത്തില്‍ ജയക്ക് മാനസികരോഗം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പെരുമാറ്റത്തില്‍ യാതൊരു ഭാവവ്യത്യാസവും കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ജിത്തുവിന്റെ അച്ഛന്‍ പറഞ്ഞത്. മകനും അമ്മയും തമ്മില്‍ വലിയ സ്‌നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും ജിത്തുവിന്റെ അച്ഛന്‍ പറയുന്നു.

തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയത് കൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞു. കഴിഞ്ഞ നാല് ദിവസം മുമ്പ് കടയിലേക്ക് സ്‌കെയില്‍ വാങ്ങാന്‍ പോയ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പത്രങ്ങളില്‍ ഇതുസംബന്ധിച്ച് പരസ്യവും നല്‍കിയിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിത്തുവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയുമായി സംസാരിച്ചപ്പോള്‍ പൊലീസിനുണ്ടായ സംശയമാണ് കൊലപാതക വിവരം വെളിച്ചത്തുകൊണ്ടുവന്നത്. വൈകാതെ പ്രതി ജയ കുറ്റം സമ്മതിച്ചു. യാതൊരു കൂസലുമില്ലാതെ താനാണ് കൊന്നതെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു.

തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്ന് അമ്മ ജയയുടെ മൊഴി. ജിത്തുവിനോട് പക ഉണ്ടായിരുന്നെന്നും മകന്‍ തന്നെ മാനസിക വിഭ്രാന്തിയുള്ള സ്ത്രീയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നെന്നുമാണ് ജയമോളുടെ മൊഴി.

അന്ധവിശ്വാസിയായ ജയമോള്‍ കുട്ടിയോട് പക വെച്ച് പുലര്‍ത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഭര്‍ത്താവ് ജോബിയുടെ കുടുംബക്കാരുമായി ജയമോള്‍ അകല്‍ച്ചയിലായിരുന്നു. എന്നാല്‍, ജിത്തു പിതാവ് ജോബിയുടെ കുടംബവുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

ഭര്‍ത്താവിന് ലഭിക്കേണ്ട സ്വത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നത്രെ അകല്‍ച്ച. ജോബിയുടെ കുടുംബ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ജിത്തു സംഭവ ദിവസം അവിടെ പോയി വന്ന് അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചു. അച്ഛന്റെ വീട്ടുകാരെ ന്യായീകരിക്കുകയും ചെയ്തു. ഇതായിരുന്നത്രെ പ്രകോപനത്തിന് കാരണം.

മകനെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോള്‍ പൊലീസിനോട് പറഞ്ഞത്. ഇത്രയുംനാള്‍ പോറ്റി വളര്‍ത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ജയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അടുക്കളയില്‍ സ്‌ളാബിന് മുകളില്‍ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തില്‍ ഷാള്‍ മുറുകിയപ്പോള്‍ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാന്‍ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ജയമോള്‍ പറഞ്ഞു.

വീഡിയോ കടപ്പാട്: മനോരമന്യൂസ്