ഈ മാസം 30 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

single-img
18 January 2018

 


തിരുവനന്തപുരം: ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ബസ് ചാര്‍ജ് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം. നേരത്തെ, ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരി ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നു.

ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സിന്റെ ആവശ്യം. അതേസമയം ജനുവരി 22 ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തും.

ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യവസായത്തിന്റെ നിലനില്‍പ്പിന് പര്യാപ്തമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പരിമിതമാണെങ്കില്‍പോലും റിപ്പോര്‍ട്ടിനെ കുറിച്ച് ബസുടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

റിപ്പോര്‍ട്ടില്‍ 10 ശതമാനം ചാര്‍ജ് വര്‍ദ്ധനയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നറിയുന്നു. ഇത് തീര്‍ത്തും അപര്യാപ്തമാണ്. രാമചന്ദ്രന്‍ കമ്മീഷന്‍ തെളിവെടുപ്പു നടത്തുമ്പോള്‍ ഡീസല്‍വില ലിറ്ററിന് 64 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 67 രൂപയ്ക്ക് മുകളിലാണ്.

14,000ത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. 2014 മേയ് 20നാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്. നാല് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ വേതനത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായി. ഇന്‍ഷ്വറന്‍സ് തുകയും സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും വര്‍ദ്ധിച്ചു.

ഈ സാഹചര്യത്തില്‍ ചാര്‍ജ് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ല. സര്‍ക്കാര്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് നയം രൂപീകരിക്കുകയാണ് വേണ്ടത്. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ പറഞ്ഞു.