പ്രധാനമന്ത്രിയുടെ ഓഫീസ് 5000 രൂപ പിഴയടക്കണം: അലഹബാദ് ഹൈക്കോടതി

single-img
18 January 2018

അലഹബാദ് ഹൈക്കോടതിസത്യവാങ്മൂലം സമർപ്പിക്കാതെയിരുന്നതിനു പ്രധാനമന്ത്രിയുടെ ഓഫീസിനു 5000 രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റേതാണു വിധി. പ്രധാനമന്ത്രിയുടെ ഓഫിസിനും നിയമ മന്ത്രാലയത്തിനും 5,000 രൂപയാണു ജസ്റ്റിസുമാരായ സുധീർ അഗർവാൾ, അബ്ദുൽ മൊയീൻ എന്നിവരുൾപ്പെട്ട ലക്നൗ ബെഞ്ച് പിഴ ചുമത്തിയത്.

സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോര്‍ട്ടുകളിന്മേൽ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. സിഎജി പ്രതിവര്‍ഷം സര്‍ക്കാരിന് അയ്യായിരത്തോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും പത്തെണ്ണം മാത്രമാണു സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും ബാക്കി അവഗണിക്കുകയാണെന്നുമായിരുന്നു ഹർജിക്കാരന്റെ ആരോപണം.

2017 ഓഗസ്റ്റ് ഒന്നിനു കേസ് പരിഗണിച്ച കോടതി എതിര്‍കക്ഷികളായ പ്രധാനമന്ത്രിയുടെ ഓഫിസ്, നിയമ മന്ത്രാലയം എന്നിവയോട് ഒരു മാസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഹർജി വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇവരാരും മറുപടി സത്യവാങ്മൂലം നൽകിയില്ലെന്ന് വ്യക്തമായത്.
സര്‍ക്കാരിന് മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.ബി.പാണ്ഡെ ആവശ്യപ്പെട്ടു. സർക്കാരിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. മറുപടി നൽകാൻ മൂന്നാഴ്ച കൂടി സാവകാശം അനുവദിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.