പെട്രോള്‍ ഡീസല്‍ വില റെക്കോഡിലേക്ക്: എണ്ണക്കമ്പനികള്‍ നഷ്ടത്തിലെന്ന വാദം ശുദ്ധ നുണ

single-img
17 January 2018

പെട്രോളിന് 75, ഡീസലിന് 67.  ഇന്ധനവില റെക്കോഡിലേക്ക് കുതിക്കുന്നു. 2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. ഡീസലിന്റെ വില ലിറ്ററിന് 56 രൂപയും. അന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില 150 ഡോളറും.

എന്നാല്‍ ഈയാഴ്ച ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറില്‍ നില്‍ക്കുമ്പോഴാണ് ഇന്ധനവില റെക്കോഡിലേക്ക് കുതിക്കുന്നത്. അതേസമയം നഷ്ടത്തിലാണെന്ന എണ്ണക്കമ്പനികളുടെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അനുദിനം ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുന്ന എണ്ണക്കമ്പനികള്‍ കഴിഞ്ഞ നാലുവര്‍ഷം ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിനു നല്‍കിയത് 44637.22 കോടി. ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്‍കിയത് ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ആണ് 18710.07 കോടി.

രണ്ടാംസ്ഥാനത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) 12936.61 കോടി. എല്ലാ കമ്പനികളും ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്‍കിയിരിക്കുന്നത് 2016-17 വര്‍ഷത്തിലാണെന്നും വിവരാവകാശ നിയമപ്രകാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം യുഎസ്(ഫിന്‍1) ആന്റ് സിപിഐഒ രമാകാന്ത് സിങ് വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്കു നല്‍കിയ മറുപടിയിലെ കണക്കുകളില്‍ നിന്നു വ്യക്തമാവുന്നു.

ഒഎന്‍ജിസി, ഐഒസിഎല്‍ എന്നിവയെ കൂടാതെ ഇന്ത്യയിലെ പ്രമുഖ എണ്ണക്കമ്പനികളായ ഒഐഎല്‍, ഗെയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇഐഎല്‍, ബിഎല്‍ഐഎല്‍ എന്നിവയാണ് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കിയ മറ്റു കമ്പനികളെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

2014-15 വര്‍ഷത്തില്‍ ഒഎന്‍ജിസി 5455.43 കോടി, ഒഐഎല്‍426.96 കോടി, ഗെയില്‍ 633. 44 കോടി, ഐഒസില്‍ 1448.52 കോടി, ബിപിസിഎല്‍ 675.24 കോടി, എച്ച്പിസിഎല്‍ 268.27 കോടി, ഇഐഎല്‍ 141.62 കോടി, ബിഎല്‍ഐഎല്‍ 15.89 കോടി എന്നിങ്ങനെ ആകെ 9065.37 കോടിയാണ് കേന്ദ്രത്തിന് ലാഭവിഹിതമായി നല്‍കിയത്. 2015 -16 വര്‍ഷത്തില്‍ ഒഎന്‍ജിസി 3391.16 കോടി, ഒഐഎല്‍ 731. 92 കോടി, ഗെയില്‍ 391.43 കോടി, ഐഒസിഎല്‍ 4978.36 കോടി, ബിപിസിഎല്‍ 1529.22 കോടി, എച്ച്പിസിഎല്‍ 744.23 കോടി, ഇഐഎല്‍ 86.75 കോടി, ബിഎല്‍ഐഎല്‍ 16.56 കോടി എന്നിങ്ങനെ ആകെ 11869.63 കോടി രൂപയാണു നല്‍കിയത്.

2016 -17 വര്‍ഷത്തില്‍ ഒഎന്‍ജിസി 6543.93 കോടി, ഒഐഎല്‍ 834.63 കോടി, ഗെയില്‍ 803.67 കോടി, ഐഒസിഎല്‍ 6231.30 കോടി, ബിപിസിഎല്‍ 3098.16 കോടി, എച്ച്പിസിഎ ല്‍ 1777.49 കോടി, ഇഐഎല്‍ 136.06 കോടി, ബിഎല്‍ഐഎ ല്‍ 16.56 കോടി എന്നിങ്ങനെ ആകെ 19441.80 കോടി. 2017-18 വര്‍ഷത്തില്‍ 2017 ഡിസംബര്‍ 12 വരെയുള്ള കണക്കുപ്രകാരം ഒഎന്‍ജിസി 3319.55 കോടി, ഒഐഎല്‍ 237.67 കോടി, ഗെയില്‍ 248.58 കോടി, ഐഒസിഎല്‍ 278.43 കോടി, ബിപിസിഎല്‍ 79.44 കോടി, എച്ച്പിസിഎല്‍ 57.12 കോടി, ഇഐഎ ല്‍ 17.11 കോടി, ബിഎല്‍ഐഎല്‍ 22.52 കോടി എന്നിങ്ങനെ ആകെ 4260.42 കോടി രൂപയാണ് നല്‍കിയത്.

ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.

അതേസമയം ബജറ്റിനുമുന്‍പ് ഇന്ധനവും ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം ഡിസംബറോടെ പെട്രോളിന്റെയും ഡീസലിന്റെയും വില 100 കടക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നതോടെ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് കാരണം.