കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്

single-img
17 January 2018

ചെ​ന്നൈ: സൂപ്പർ താരം കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്. രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി നടത്തുന്ന സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമൽഹാസൻ അറിയിച്ചത്. ഫെ​ബ്രു​വ​രി 21 മു​ത​ൽ താ​ൻ ത​മി​ഴ്നാ​ട് മു​ഴു​വ​നാ​യി സ​ന്ദ​ർ​ശി​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചിരുന്നു.

വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗൽ, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും. ഇതോടെ ഔദ്യോഗികമായി കമൽ ഹാസൻ രാഷ്ട്രീയത്തിൽ പ്രവേശിക്കും.

ചടങ്ങില്‍വെച്ച് പാര്‍ട്ടിയുടെ നയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഏറെക്കാലമായി തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലാമർ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. പല കാര്യങ്ങളെയും ചോദ്യം ചെയ്യാൻ തമിഴ്നാട്ടിലെ ജനങ്ങൾ തയാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവർത്തനങ്ങളും ഭരണനിർവഹണവും ഉയർത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനം. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാൻ തനിക്കൊപ്പം ചേരാൻ കമൽ ജനങ്ങളെ ആഹ്വാനം ചെയ്തു.