സുപ്രീം കോടതി പ്രതിസന്ധി പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട് വിളിച്ചേക്കും: ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തി

single-img
16 January 2018

സുപ്രീം കോടതി പ്രതിസന്ധിന്യൂഡല്‍ഹി: സുപ്രീം കോടതി പ്രതിസന്ധി പരിഹരിക്കാനായി ചീഫ് ജസ്റ്റിസ്, തന്നോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച ജഡ്ജിമാരുമായി ചർച്ച നടത്തി. ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുണ്ടായ തര്‍ക്കം ഫുള്‍കോര്‍ട്ട് വിളിച്ച് പരിഹരിക്കാന്‍ ധാരണയായതായാണു റിപ്പോര്‍ട്ട്. ബുധനാഴ്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

ഫുള്‍ കോര്‍ട്ട് വിളിച്ചു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂവെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. അതേസമയം വിമര്‍ശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചര്‍ച്ച നടത്തി.

15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്കവിഷയങ്ങളും ചര്‍ച്ച ചെയ്തു. നാളെയും ചര്‍ച്ച തുടരും. ചൊവ്വാഴ്ച രാവിലെ കോടതി കൂടും മുന്‍പാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരുമായി പ്രത്യേക ചര്‍ച്ച നടത്തിയത്. വിവാദ വാര്‍ത്താ സമ്മേളനത്തിലേക്ക് എത്തിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

നീതിപീഠത്തിന് വലിയ പോറലേറ്റ സംഭവവികാസങ്ങള്‍ ഇനിയും നീണ്ടുപോയാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അനുനയത്തിന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. നിരന്തരം അറ്റോര്‍ണി ജനറലടക്കം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും തമ്മില്‍ വാക്കേറ്റം നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്.

വിവാദം

വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ജനാധിപത്യം തകരുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി  ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ചീഫ് ജസ്റ്റിസുമാരുമായും മറ്റു ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണു ഞായറാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്.