പെട്രോളിന് 75, ഡീസലിന് 67: ജനത്തെ കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍: മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ആരുമില്ലേ ?

single-img
16 January 2018

 


ജനത്തെ കൊള്ളയടിച്ച്, എണ്ണക്കമ്പനികളുടെയും സര്‍ക്കാരിന്റേയും പോക്കറ്റ്‌വീര്‍പ്പിച്ച് ഇന്ധനവില കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 75.03 രൂപയും ഡീസലിന് 67.05 രൂപയുമായിരുന്നു.

ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതം വര്‍ധിക്കുന്നുണ്ട്. ഇന്ധനവിലയില്‍ ദിവസേന മാറ്റമുണ്ടാകുന്നതിനാല്‍ ചെറുപ്രതിഷേധം പോലുമില്ലാതെയാണ് അമിതനികുതി ഈടാക്കിയുള്ള ഇന്ധനവിലക്കൊള്ള.

ഡിസംബര്‍ 15 മുതലുള്ള ഒറ്റമാസത്തില്‍ പെട്രോളിനു കൂടിയത് രണ്ടു രൂപയിലേറെയാണ്. ഡീസലിന് എട്ടുമാസം കൊണ്ടുകൂടിയത് എട്ടുരൂപയും. ഡീസല്‍ വില ഉയര്‍ന്നതോടെ നിത്യോപയോഗവസ്തുക്കളുടെ വിലകുതിക്കുന്നു.

ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.

2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു. 2013ല്‍ പെട്രോള്‍ വില 77ലെത്തിയപ്പോള്‍ ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില 150 ഡോളര്‍.

പിന്നീട് കുറഞ്ഞു. 68 ഡോളറായിരുന്നു കഴിഞ്ഞയാഴ്ച. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം, ഈയാഴ്ച ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിന് അടുത്തെത്തിയതിനാല്‍ ഇന്ധനവിലയില്‍ കുറവുവരാന്‍ സാധ്യതയില്ലെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ജനത്തെ പിഴിഞ്ഞു മൂന്നരവര്‍ഷംകൊണ്ട് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ലാഭവിഹിതം 44,637.22 കോടി രൂപയാണ്. ഒ.എന്‍.ജി.സിയാണു ലാഭവിഹിതം ഏറ്റവും കൂടുതല്‍ നല്‍കിയത്; 18,709.91 കോടി രൂപ. 12,936.61 കോടിരൂപ നല്‍കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് രണ്ടാം സ്ഥാനത്ത്.

കൊച്ചി സ്വദേശി രാജു വാഴക്കാല നല്‍കിയ അപേക്ഷയില്‍ കേന്ദ്ര ധനകാര്യ അണ്ടര്‍ സെക്രട്ടറി രമാകാന്ത് സിങ് നല്‍കിയ വിവരാവകാശ രേഖയിലാണ് എണ്ണക്കമ്പനികളുടെ ലാഭക്കണക്ക് വെളിപ്പെടുത്തിയിട്ടുള്ളത്. നികുതിയും സെസും അടക്കമുള്ളവയ്ക്കു പുറമേയാണിത്.

ബജറ്റിനുമുന്‍പ് ഇന്ധനവും ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം ഡിസംബറോടെ പെട്രോളിന്റെയും ഡീസലിന്റെയും വില 100 കടക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നതോടെ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് കാരണം.