മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ഹരിയാനയും പദ്മാവത് റിലീസ് വിലക്കി

single-img
16 January 2018

പദ്മാവത് റിലീസ്സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രമായ പദ്മാവതിനു ഹരിയാനയിൽ വിലക്കേർപ്പെടുത്തി മനോഹർ ലാൽ ഖട്ടർ സർക്കാർ. പദ്മാവത് റിലീസ് ഹരിയാനയിൽ അനുവദിക്കില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്  ട്വിറ്ററിലൂടെ അറിയിച്ചു. പദ്മാവതിനു വിലക്കേർപ്പെടുത്തുന്ന ആറാമത്തെ സംസ്ഥാനമാണു ഹരിയാന.

“പദ്മാവത് സിനിമ ഹരിയാനയിൽ നിരോധിച്ചിരിക്കുന്നു“ എന്നാണു അനിൽ വിജ് ട്വീറ്റ് ചെയ്തത്.

സിനിമയിൽ റാണി പദ്മിനിയെ അപമാനിക്കുവാൻ വേണ്ടി ചരിത്രവസ്തുതകളെ വളച്ചൊടിച്ചിട്ടുണ്ടെന്നും അത് ലക്ഷക്കണക്കിനാളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അനിൽ വിജ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

https://www.youtube.com/watch?v=8YaF2m7hCx0

നേരത്തെ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന ആരോപണവുമായി രാജ്പുത് കർണി സേന എന്ന സംഘടന  രംഗത്തെത്തിയതോടെയാണ് പദ്മാവത് റിലീസ് പ്രതിസന്ധിയിലായത്. കഴിഞ്ഞ ഡിസംബർ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ പ്രതിഷേധങ്ങളെ തുടർന്ന് റിലീസ് മാറ്റിവച്ചു. ചിത്രത്തിന് എതിർപ്പുകൾ ശക്തമായതോടെ സെൻസർ ബോർഡ് റിലീസിനുളള അനുമതി നിഷേധിച്ചു.

കോടതി നിലപാടുകൾ

നിരവധി ഹർജ്ജികൾ ചിത്രത്തിനെതിരെ സമർപ്പിക്കപ്പെട്ടെങ്കിലും അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയുമടക്കം ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ചിത്രം രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുമെന്നും ഇത് സംഘര്‍ഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ബി.ജെ.പി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിയിരുന്നു.

പിന്നീട് ചിത്രത്തിന്റെ പേര് ‘പദ്മാവതി’ എന്നത് ‘പദ്മാവത്’ എന്നാക്കി മാറ്റിയതടക്കം 5 സുപ്രധാന മാറ്റങ്ങളോടെ ജനുവരി 25 ന് റിലീസ് ചെയ്യാൻ സെൻസർ ബോർഡ് അനുമതി നൽകി. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാധികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.  സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

രാജസ്ഥാൻ അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഈ ചിത്രത്തിന്റെ റിലീസിനെതിരായി നിലപാടെടുത്തു. സംസ്ഥാനത്തു സിനിമയ്ക്കു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പദ്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചതോടെ വിവാദം കനത്തു.

ഇതിനിടെ ഇന്ന് പദ്മാവത് സിനിമയിലെ ഗാനത്തിനു വിദ്യാർത്ഥികൾ നൃത്തം ചെയ്തതിന്റെ പേരിൽ ചെയ്തതിനു രാജ്പുത് കർണ്ണിസേന മധ്യപ്രദേശിലെ ഒരു സ്കൂളിൽ വാർഷികാഘോഷപരിപാടിയിൽ  ആക്രമണം നടത്തുകയും ചെയ്തു.