സംഘപരിവാരങ്ങള്‍ കാലുവാരി തോല്‍പ്പിച്ചെന്ന് ഭീമന്‍ രഘു : ‘ഇനി ബിജെപി നേതാവായി തുടരില്ല’

single-img
16 January 2018

ഭീമന്‍ രഘു
ബഹറൈന്‍: ബിജെപിയെ കടന്നാക്രമിച്ച് നടന്‍ ഭീമന്‍ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ സംഘപരിവാരങ്ങള്‍ തന്നെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന് ഭീമന്‍ രഘു പറയുന്നു. ബഹ്‌റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

ചെറുപ്പം മുതൽ തന്നെ ആര്‍എസ്എസ് ആശയങ്ങളോട് യോജിപ്പുണ്ടായിരുന്നുവെങ്കിലും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്നുമാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി.

സുരേഷ് ഗോപി പത്തനാപുരത്തെ പ്രചരണത്തിന് വരാത്തതിനെക്കുറിച്ചും അദ്ദേഹം പരിഭവം പറഞ്ഞു. പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും വരാത്തത് വിഷമം ഉണ്ടാക്കി. തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകള്‍ മാത്രം ആയിരുന്നു.

ജനങ്ങളുടെ ഇടയിലേക്ക് ഈ പാര്‍ട്ടി ഇറങ്ങി വരുന്നില്ല. നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു. ബിജെപി സ്ഥാനാര്‍ഥി ആയതിന്റെ പേരില്‍ കുറെ മൈനസ് പോയിന്റുകള്‍ ഉണ്ടായെന്നും സിനിമയിലും പലരും വിളിക്കാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടും എന്നും അത് കോടതിയാണ് തിരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടി പാര്‍വതിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും തനിക്ക് പ്രത്യേകിച്ച് അഭിപ്രായമില്ല. കോലാഹലങ്ങളില്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ് അഭിപ്രായം പറഞ്ഞ് ഒന്നിനും തലവച്ചു കൊടുക്കാത്തതെന്നും ഭീമന്‍ രഘു പറയുന്നു.