സുപ്രീം കോടതി തർക്കം: ചായക്കോപ്പയിലെ കൊടുങ്കാറ്റ് അവസാനിച്ചുവെന്ന് അറ്റോർണി ജനറൽ

single-img
15 January 2018

സുപ്രീം കോടതി തർക്കംജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂ‍ലം രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ദിവസങ്ങളായി തുടരുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായതായി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. രാവിലെ കോടതി ചേരുന്നതിനു മുൻപായി ലൌഞ്ചിൽ വെച്ച് ജഡ്ജിമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്നങ്ങൾക്ക് പരിഹാരമായത്.

‘ചായക്കോപ്പയിലെ കൊടുങ്കാറ്റ് അവസാനിച്ചു’ എന്നാണു ഇതേക്കുറിച്ച് അറ്റോർണി ജനറൽ പ്രതികരിച്ചത്. എന്നാൽ തർക്ക വിഷയങ്ങളിലെ ഏതെല്ലാം പ്രശ്നങ്ങൾക്കാണു പരിഹാരമായതെന്നടക്കമുള്ള വിശദാശംങ്ങൾ എജി വ്യക്തമാക്കിയില്ല.

രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കേണ്ട കോടതികൾ പതിനഞ്ചുമിനിറ്റു വൈകി തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് പ്രവർത്തനമാരംഭിച്ചത്. സുപ്രീം കോടതിയിൽ അസാധാരണ സാഹചര്യം ഉടലെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മറ്റ് കോടതികളിലും ജ‍ഡ്ജിമാർ എത്തുകയായിരുന്നു. പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് അവധിയാണ്.

പ്രശ്നം ഫുൾ കോർട്ട് വിളിച്ചു ചർച്ച ചെയ്യണമെന്നും പൊതുതാൽപര്യ ഹർജികൾ ഏറ്റവും മുതിർ‍ന്ന ജഡ്ജിമാർ പരിഗണിക്കാൻ വ്യവസ്ഥയുണ്ടാക്കണമെന്നും ബാർ അസോസിയേഷൻ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാർ അസോസിയേഷന്റെയും പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായും വിമർശനമുന്നയിച്ച ജഡ്ജിമാരുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.