ശ്രീജിവിന്റെ കസ്റ്റഡി മരണം: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുടെ വിശദീകരണം

single-img
15 January 2018

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻസെക്രട്ടേറിയറ്റിനു മുന്നിൽ 766-ദിവസമായി സമരം തുടരുന്ന ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രംഗത്ത്. ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ സി ആർ ബിജുവാണു പോലീസിന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

സ്വന്തം സഹോദരൻ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിൻ്റെ വികാരം മനസിലാകുമെങ്കിൽ ഈ സംഭവത്തിലെ വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണു ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ശ്രീജീവ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും കുറ്റം അയാൾ ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നുവെന്നും വിശദീകരണക്കുറിപ്പിലൂടെ സി ആർ ബിജു പറയുന്നു.

സി ആർ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയരേ….

സ്വന്തം സഹോദരൻ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിൻ്റെ വികാരം മനസിലാകും. ഈ സംഭവത്തിലെ വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇതുമായി ബന്ധപ്പെട്ട
ഹാഷ്ടാഗുകളും പോസ്റ്റുകളും ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന പോലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാൻ കഴിയാതെ പതിവ് നിസഹായവസ്ഥയിലാണ് ഇപ്പോഴും ഉള്ളത്.

ഈ സംഭവത്തെ ഇപ്പോൾ സജീവമായി ഉയർത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 
ഈ സംഭവം നടക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരുന്നവർ വരെ മറവിരോഗത്തിന് അടിമപ്പെട്ടവർ എന്നോണം ശ്രീജിത്തിന് ഒപ്പം എന്ന ഹാഷ് ടാഗുമായി രംഗത്ത് വരുന്നത് പൊതുസമൂഹം വീക്ഷിക്കുന്നുണ്ട് എന്ന് ഓർമ്മിക്കുക

മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പിൽ പാർപ്പിക്കേണ്ടത് എന്ന് തിരിച്ചറിവ് ഉണ്ടെങ്കിലും മുൻകാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തിൽ ഒരു പ്രതിയെ ലോക്കപ്പിൽ പാർപ്പിക്കാൻ ഒരോ പോലീസുകാരനും നിർബന്ധതിനാകുന്നത്. ഇത് പ്രാകൃതം തന്നെ. പകരം സുരക്ഷിത സംവിധാനം ഒരുക്കേണ്ടതാണ്. ശ്രീജിവിനെ ലോക്കപ്പിൽ പാർപ്പിച്ചപ്പോൾ മറ്റൊരു പ്രതി കൂടി ആ ലോക്കപ്പിൽ ഉണ്ടായിരുന്നു എന്നത് പലരും സൗകര്യപൂർവ്വം മറക്കുന്നുണ്ട്

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ശ്രീജീവ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റം അയാൾ ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നു.
മോഷ്ടിച്ച മൊബൈലുകൾ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ് പല കടകളിലും വിൽക്കുവാനും ശ്രീജീവ് ശ്രമിച്ചിരുന്നു. 
ആ കടക്കാരൊക്കെയും പോലീസിന് തെളിവും മൊഴിയും നൽകിയിട്ടുണ്ട്.

സബ്കളക്ടർ ആയിരുന്ന ഒരു IAS ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ശ്രീജീവിൻ്റെ ബോഡി ഇൻക്വസ്റ്റ് നടത്തിയത്. മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൂടാതെ ശ്രീജീവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് ഫോറിൻസിക് പരിശോധനയും നടത്തിയിരുന്നു. 
ഇങ്ങനെ സാധ്യമായ എല്ലാം ഉപയോഗിച്ച് വസ്തുത പുറത്ത് കൊണ്ടുവരണം. അതിലൂടെ പോലീസ് ഉദ്യോഗസ്ഥർ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണം. പോലീസ് ഉദ്യോഗസ്ഥർ നിരപരാധികളാണെങ്കിൽ ഇങ്ങനെ അവരെ ക്രൂശിക്കുകയും ചെയ്യരുത്.

പലതരത്തിലുള്ള കേസുകളും, അതുപോലെ കുറ്റവാളികളേയും കൈകാര്യം ചെയ്യേണ്ടിവരുന്ന പോലീസ്, ആധുനിക കാലഘട്ടത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട്. കുറ്റവാളികൾ എന്ന് സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത പലരേയും അറസ്റ്റ് ചെയ്യേണ്ട സാഹചര്യം പോലീസിന് ഉണ്ടാകാറുണ്ട്. അടുത്ത കാലത്ത് അത്തരത്തിൽ കേരളത്തിൽ നടന്ന രണ്ട് അറസ്റ്റുകൾ സജീവ ചർച്ച ആയിരുന്നല്ലോ…

ഒരു വർഷം ഏഴ് ലക്ഷത്തി എൺപതിനായിരത്തോളം കേസുകൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നു. ഓരോ കേസിലും ഒന്നോ അതിലധികമോ പ്രതികളും ഉണ്ടാകും. പ്രതിദിനം നൂറുകണക്കിന് ആളുകളുടെ അറസ്റ്റ് ആണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്നത്. കൂടാതെ പതിനഞ്ച് ലക്ഷത്തോളം പരാതികൾ പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഇത്രയേറെ കേസുകളും, പരാതികളും കൈകാര്യം ചെയ്യുമ്പോഴാണ് വർഷത്തിൽ പത്തിൽ താഴെ മാത്രം കേസുകളിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങൾ പോലീസിന് നേരേ ഉയരുന്നത്. അതും ഒഴിവാക്കുക തന്നെ വേണം. അതിനുള്ള ജാഗ്രത മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഉണ്ടാകേണ്ടതുമാണ്.

ഒരു കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ അത് തെളിയിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശ്രമങ്ങൾ എത്രമാത്രം ശ്രമകരമാണ് എന്ന് ആരും അറിയുന്നില്ല. നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാകും ശരിയായ കുറ്റവാളിയിലേക്ക് ഒരു പക്ഷേ എത്തിച്ചേരുക. അത് അന്വേഷണത്തിൽ അനിവാര്യവുമാണ്. പ്രമാദമായ ജിഷ വധക്കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി ഒരു നാടുമുഴുവൻ ചോദ്യം ചെയ്യലിന് വിധേയരായിരുന്നു എന്ന് ഓർക്കണം.

ഇങ്ങനെ പോലീസ് ജോലികൾ നിറവേറ്റുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാൻ നമുക്ക് ആവണം. കുറ്റവാളികളെ കണ്ടെത്താൻ കാലതാമസം ഉണ്ടായാൽ രൂക്ഷവിമർശനം ഉയരുകയും ചെയ്യും. ഓരോ കേസിൻ്റേയും അന്വേഷണത്തിൻ്റെ പിന്നിലെ ത്യാഗങ്ങളും യാതനയും പോലീസ്‌ ഉദ്യോഗസ്ഥർക്കിടയിലെ പരസ്പരം പങ്കിടൽ മാത്രമാണ് ഇന്ന്. ഇതിനിടയിൽ ഒരു ചെറിയ വീഴ്ച ഉണ്ടായാൽ അത് സജീവതയിലേക്ക് എത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ പതിനൊന്നംഗസംഘം നടത്തിയ മോഷണത്തിലെ പ്രതികളെ കണ്ടെത്താൻ നടത്തിയ ത്യാഗോജ്ജ്വല പ്രവർത്തനങ്ങൾ ആരറിയുന്നു. ദിവസങ്ങളോളം ബംഗ്ലാദേശ് ബോർഡറിൽ തൃപ്പൂണിത്തുറ CI ഷിജുസാറും സംഘവും അതിശൈത്യത്തിൽ കഴിച്ചുകൂട്ടി. അതുപോലെ പള്ളുരുത്തി CI യും സംഘവും ഡൽഹിയിലും. മലയാളികളല്ല; ഇന്ത്യാക്കാരുമല്ല; വിദേശികൾ എന്ന് വിശേഷിപ്പിക്കാവുന്ന ബംഗ്ലാദേശികളായിരുന്നു പ്രതികൾ.

ഒരു കാര്യം കൂടി പങ്കുവയ്ക്കട്ടെ…

പോലീസിനെതിരെ ചില ആക്ഷേപങ്ങൾ ഇപ്പോഴും ഉയർന്നുവരുന്നുണ്ട്. 
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരോടായി പൊതുവേദിയിൽ പറഞ്ഞ വാക്കുകൾ നാം ഗൗരവമായി കാണേണ്ടത്.

“എന്തുംചെയ്യാനുള്ള അധികാരമൊന്നും പോലീസിനില്ല”.

അതെ, അത് ഞാനും അടിവരയിടുന്നു. കുറ്റവാളികളെ കണ്ടെത്തി കോടതിയിൽ എത്തിക്കുക മാത്രമാണ് പോലീസ്‌ ജോലി. അല്ലാതെ പ്രാകൃത ശൈലിയിലെ പോലീസിംഗ് ഈ ആധുനിക കാലഘട്ടത്തിൽ ആരിൽനിന്നും ഉണ്ടാകാൻ പാടില്ല. ഇത് ഉറപ്പാക്കാനുള്ള ബാധ്യത മുഴുവൻ സഹപ്രവർത്തകരും ഏറ്റെടുക്കേണ്ടതാണ്.

സി.ആർ. ബിജു
ജനറൽ സെക്രട്ടറി
KPOA

പ്രിയരേ….സ്വന്തം സഹോദരൻ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിൻ്റെ…

Posted by Biju Cr on Sunday, January 14, 2018