സര്‍ക്കാരിന് ഗീത ഗോപിനാഥിന്റെ സ്വകാര്യവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍: സിപിഎമ്മില്‍ എതിര്‍പ്പ് ശക്തം

single-img
14 January 2018

കേരളത്തില്‍ സ്വകാര്യ വല്‍ക്കരണം വേണമെന്ന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥിന്റെ നിര്‍ദ്ദേശത്തില്‍ സി.പി.എമ്മില്‍ എതിര്‍പ്പ്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉപദേശങ്ങള്‍ ഇങ്ങനെയാണ്, ശമ്പളവും പെന്‍ഷനും സര്‍ക്കാറിന് ബാധ്യതയാവുകയാണ്. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുളള വികസന പരിപാടികളാണ് ഇനി ആവശ്യം. അടിസ്ഥാന സൗകര്യവികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണം. ജിഎസ്ടി വഴി കേരളത്തിന് നേട്ടമുണ്ടാകും.

ഇക്കാര്യങ്ങളെല്ലാം ഗീത മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചു. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശ സംഘത്തിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ സമ്പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗീത ഗോപിനാഥിനെ കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്.

എന്നാല്‍ ഈ ഉപദേശങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പാര്‍ട്ടിയിലെ സി.ഐ ടി.യു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് ഉണ്ട്. സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചാല്‍ അത് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരാവും.

ഗീതയുടെ പല നിര്‍ദ്ദേശങ്ങളോടും ധനമന്ത്രി തോമസ് ഐസക് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ കഴിയില്ല. അതേസമയം സാമ്പത്തിക നയങ്ങളിലുള്ള സര്‍ക്കാറിന്റെ നയസമീപനങ്ങള്‍ സി.പി.എം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഇ വാര്‍ത്തയോട് സൂചന നല്‍കി.