കണ്ണൂരില്‍ ഭര്‍തൃവീട്ടിലേക്കു പോയ വീട്ടമ്മയെ കാണാതായ സംഭവം; യുവതിയെ ‘വാട്‌സ്ആപ്പ് ഫ്രണ്ടിന്റെ’ വീട്ടില്‍ നിന്നും കണ്ടെത്തി

single-img
13 January 2018

കണ്ണൂരില്‍ ഭര്‍തൃവീട്ടിലേക്കെന്നു പറഞ്ഞ് സ്വന്തം വീട്ടില്‍നിന്നിറങ്ങി കാണാതായ യുവതിയെ ഒടുവില്‍ വാട്‌സ്ആപ്പ് ഫ്രണ്ടിന്റെ വീട്ടില്‍ കണ്ടെത്തി. കണ്ണൂര്‍ കല്ലുകെട്ടുചിറയിലെ വീട്ടമ്മയെയാണ് കോഴിക്കോട് ജില്ലയിലെ താമരശേരിയിലെ യുവതിയുടെ വീട്ടില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം എട്ടിനായിരുന്നു കല്ലുകെട്ടുചിറയിലെ യുവതിയെ കാണാതായത്. ഇതേതുടര്‍ന്ന് ഇവരുടെ ബന്ധു പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമരശേരിയിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷണത്തെത്തുടര്‍ന്നു ഇവര്‍ കോടതിയില്‍ ഹാജരായി. വാട്‌സ്ആപ്പ് ഫ്രണ്ടായ യുവതിയുടെ വീട്ടിലേക്കാണ് താന്‍ പോയതെന്നാണ് കോടതിയില്‍ ഹാജരായ ഇവര്‍ പറഞ്ഞത്. കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.