മകളെ മടിയില്‍ വെച്ച് ചാനല്‍ അവതാരകയുടെ വാര്‍ത്ത അവതരണം

single-img
12 January 2018

https://www.youtube.com/watch?v=bzEcyF4Fv14&t=14s

പാക്കിസ്ഥാനില്‍ എട്ടു വയസ്സുകാരി ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മകളെ ഒപ്പമിരുത്തി വാര്‍ത്ത അവതരിപ്പിച്ച് മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധം. പാക്കിസ്ഥാനിലെ സാമാ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരക കിരണ്‍ നാസാണ് മകളെ ഒപ്പം കൂട്ടി വാര്‍ത്ത അവതരിപ്പിച്ച് പ്രതിഷേധമറിയിച്ചത്.

”താന്‍ കിരണ്‍ നാസ് അല്ല, ഒരമ്മ മാത്രമാണ്. അമ്മ ആയതിനാലാണ് എന്റെ മകള്‍ക്കൊപ്പം ഇവിടെ ഞാനിരിക്കുന്നത്. ചെറിയ ശവപ്പെട്ടികള്‍ ഭാരമേറിയവയാണെന്ന് അവര്‍ പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാക്കിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണ്” നാസ് പറഞ്ഞു.

1.50 മിനിറ്റ് നീണ്ടുനിന്ന അവതരണത്തില്‍ രാജ്യത്തു നടക്കുന്ന മാനഭംഗങ്ങള്‍ക്കെതിരെയും കൊലപാതകങ്ങള്‍ക്കെതിരെയും നാസ് ശക്തമായി പ്രതികരിച്ചു. ഈമാസം നാലിനാണ് ട്യൂഷന്‍ സെന്ററില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ കാണാതായത്.

മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയ്ക്കു പോയപ്പോഴായിരുന്നു സംഭവം. മാതാപിതാക്കള്‍ മകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ നാട്ടിലൊരു ഭീകരന്‍ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തി മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാസ് പറയുന്നു.

സംഭവത്തില്‍ പോലീസിന്റെ അനാസ്ഥ സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ പ്രതിഷേധം ശക്തമായിരുന്നു.