സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ വന്‍ പ്രത്യാഘാതം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെട്ടേക്കും

single-img
12 January 2018

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായത് ചരിത്രത്തിലില്ലാത്ത സംഭവ വികാസങ്ങള്‍. പ്രതിസന്ധി രൂക്ഷമാവാതിരിക്കാന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെട്ടേക്കും. സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചു.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന് രാജ്യം തീരുമാനിക്കട്ടെയെന്നും കോടതികളുടെ ഭരണം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടും.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പരസ്യ പ്രതികരണവും സംഭവ വികാസങ്ങളും ഉണ്ടായത്. ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയിലെ പുതിയ സംഭവങ്ങള്‍.

സുപ്രീംകോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്ജിയുടെ ബഞ്ചിലാണ് ജസ്റ്റിസ് ലോയയുടെ കേസ് പരിഗണനക്ക് വന്നതെന്നും ഇത് സീനിയര്‍ ജഡ്ജിയുടെ ബഞ്ചിലേക്ക് മാറ്റണമെന്ന് നിരവധി തവണ അഭ്യര്‍ഥിച്ചതാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. കേസ് കൈകാര്യം ചെയ്ത രീതിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് തങ്ങള്‍ നിറവേറ്റുന്നത്. നിഷ്പക്ഷമായ ജുഡീഷ്യറിയില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. സുപ്രീംകോടതി ഭരണത്തില്‍ പ്രശ്‌നങ്ങളുണ്ട്. ചില കാര്യങ്ങള്‍ കൃത്യമായ രീതിയിലല്ല നടക്കുന്നത്. ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ബന്ധിതരായതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് രാജ്യം വഴിമാറും.

ആരാണ് ഹര്‍കിഷന്‍ ലോയ

 

സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെയാണു നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയയുടെ മരണം.

കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബര്‍ 15ന് ഹാജരാകണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയായിരുന്നു ജഡ്ജിയുടെ മരണം.

ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

നാഗ്പൂരില്‍ എത്തിയത് 2014 നവംബര്‍ 30ന്. താമസം സര്‍ക്കാര്‍ അതിഥി മന്ദിരമായ രവി ഭവനില്‍

രാത്രി 11ന് മുംബൈയിലുള്ള ഭാര്യ ഷര്‍മിളയുമായി നാല്‍പതു മിനിറ്റിലേറെ സംസാരിച്ചു.

മരണവിവരം പിറ്റേന്നു പുലര്‍ച്ചെ അറിയിച്ചത് ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായി. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരിച്ചു.

ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ ആരും മൃതദേഹത്തെ അനുഗമിച്ചില്ല.

തലയ്ക്കു പിന്നില്‍ മുറിവ്, ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറ ഉണ്ടെന്നും സഹോദരി അനുരാധ.

മൊബൈല്‍ ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചു.

ജഡ്ജിമാരുടെ പത്ര സമ്മേളനത്തില്‍നിന്ന്

ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ല. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ഉറപ്പാണ്.

നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ഞങ്ങള്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിനു രണ്ടുമാസം മുന്‍പ് കത്തും നല്‍കി. എന്നാല്‍ അദ്ദേഹം അത് അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം.

ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ഞങ്ങളുടെ ആത്മാര്‍ഥതയെയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് തങ്ങള്‍ക്കു നിര്‍വഹിക്കണമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

അതേസമയം, ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന ചോദ്യത്തിന്, ‘അതു രാജ്യം തീരുമാനിക്കട്ടെ’ എന്നായിരുന്നു ചെലമേശ്വറിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസിന് കൈമാറിയ ഏഴു പേജുള്ള കത്തും വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ പുറത്തുവന്നു. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നുവെന്നാണ് ഇതിലെ പ്രധാന ആരോപണം.

കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമെയുള്ളൂ. സമന്‍മാരിലെ മുമ്പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നുംപോലെ ബെഞ്ചുകള്‍ മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രീം കോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നു.