പെട്രോളിന് ഏഴു രൂപയോളം കൂട്ടി; ചോദിക്കാനും പ്രതിഷേധിക്കാനും ആരുമില്ല; ഇന്ധന വില ഇനിയും കൂടും

single-img
12 January 2018

ഈ മാസത്തെ പെട്രോള്‍ ഡീസല്‍ വിലയാണ് മുകളില്‍ കാണുന്നത്. അനുദിനം അഞ്ചും പത്തും പൈസ കൂട്ടി എണ്ണക്കമ്പനികള്‍ ഉപഭോക്താക്കളെ പിഴിയുന്നു. പക്ഷേ ഒരു രാഷ്ട്രീയ കക്ഷിയും ഇതുവരെ ഒരു എതിര്‍പ്പും ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ തുടങ്ങിയതാണ് ഈ വിലകൂട്ടല്‍.

ഡിസംബര്‍ ഒന്നിന് 67.71 രൂപയായിരുന്നു പെട്രോള്‍ വില. എന്നാല്‍ ഇന്ന് പെട്രോളിന് വില 74.56 രൂപയായി. ഏഴു രൂപയോളം എണ്ണക്കമ്പനികള്‍ കൂട്ടി. ഇത്രയും വര്‍ദ്ധന ഉണ്ടായിട്ടും പ്രധിഷേധം ഉയരാത്തതാണ് വില കൂട്ടാന്‍ പെട്രോള്‍ കമ്പനികള്‍ക്ക് തുണയാകുന്നതെന്ന് പമ്പുടമകള്‍ പറയുന്നു.

ഓരോ ദിവസവും രാവിലെ 6ന് പുതിയ വില നിശ്ചയിച്ച് മുംബയില്‍ നിന്ന് പെട്രോളിയം കമ്പനികളുടെ നിര്‍ദ്ദേശം പെട്രോള്‍ പമ്പുകളിലെത്തും. അതൊന്നും നോക്കാതെ 500 ഉം 1000ഉം രൂപയ്ക്ക് വാഹന ഉടമകള്‍ ഇന്ധനം നിറയ്ക്കും. വിലനോക്കാതെ, രൂപ കണക്കാക്കി പെട്രോളും ഡീസലും നിറയ്ക്കുന്ന നമ്മുടെ ഈ ശീലമാണ് എണ്ണക്കമ്പനികള്‍ മുതലാക്കുകയാണ്.

അതിനിടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വീപ്പക്ക് ഏതാണ്ട് 70 ഡോളര്‍ ആയാണ് ഉയര്‍ന്നത്. 2014നെ തുടര്‍ന്നുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണിത്. ഉല്‍പാദനം കുറച്ച ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ തീരുമാനം വിപണിയില്‍ ആരോഗ്യകരമായ മാറ്റമാണ് കൊണ്ടുവന്നത്.

ഉല്‍പാദനം കുറച്ച നടപടി തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം. ഉല്‍പാദനത്തിലും സംഭരണത്തിലും യു.എസ് നേരിട്ട തിരിച്ചടിയാണ് വര്‍ധനക്ക് മറ്റൊരു കാരണം. നിലവിലെ സാഹചര്യത്തില്‍ നിരക്കുവര്‍ധന കുറച്ചു കാലമെങ്കിലും തുടര്‍ന്നേക്കും. ചിലപ്പോള്‍ 80 ഡോളര്‍ വരെ വില ഉയര്‍ന്നേക്കുമെനന വിലയിരുത്തലും പുറത്തു വരുന്നുണ്ട്.

എണ്ണവില തകര്‍ച്ചയെ തുടര്‍ന്ന് ഉലഞ്ഞ ഗള്‍ഫ് സമ്പദ് ഘടനക്ക് ഇതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. വാറ്റ് ഉള്‍പ്പെടെ പുതിയ വരുമാന സ്രോതസുകള്‍ക്കൊപ്പം എണ്ണവരുമാനം ഉയരുക കൂടി ചെയ്യുന്നതോടെ വികസന പദ്ധതികള്‍ക്ക് ആക്കം കൂടും. നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും പ്രതീക്ഷ ഉയരുന്നതും സമ്പദ് ഘടനക്ക് ഗുണം ചെയ്യും.

തൊഴില്‍ മേഖലയില്‍ രൂപപ്പെട്ട അരക്ഷിതാവസ്ഥ മറികടക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ക്കും നിരക്കുവര്‍ധന പാതയൊരുക്കും. ഇന്ത്യക്കാള്‍ ഉള്‍പ്പെടെ ഗള്‍ഫിലെ പ്രവാസലോകത്തെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഘടകവും അതാണ്. അതേസമയം എണ്ണവിപണി സന്തുലിതാവസ്ഥയിലെത്താന്‍ ഈ വര്‍ഷം പകുതി പിന്നിടുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വില ഇനിയും കൂടും.