ലോക കേരളസഭയ്ക്ക് തുടക്കം: സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപോയ എം.കെ.മുനീര്‍ തിരിച്ചെത്തി

single-img
12 January 2018


മലയാളികള്‍ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ ലോക കേരള സഭ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

9.30നു സഭയുടെ രൂപീകരണം സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി.

സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചു. പ്രതിപക്ഷ നേതാവാണു സഭയുടെ ഉപനേതാവ്. അതേസമയം, സീറ്റ് ക്രമീകരണത്തില്‍ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചതോടെ തിരിച്ചെത്തി.

വ്യവസായികള്‍ക്കും പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്‌നം രമ്യമായി പരിഹരിച്ചു.

ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാനാവും.

അതിനാല്‍ തന്നെ ലോക കേരള സഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല.

ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പ്രവാസി മൂലധനം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനാവും. വന്‍ പലിശയ്ക്കുള്ള വിദേശ കടത്തെക്കാള്‍ എത്രയോ നല്ലതാണ് പ്രവാസികളുടെ നിക്ഷേപമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.