മുന്‍കാമുകന്റെ അമ്മയെ വിഷം കൊടുത്ത് കൊന്നു: ഇരുപത്തിനാലുകാരിക്ക് 23 വര്‍ഷം തടവ്

single-img
12 January 2018


ന്യൂയോര്‍ക്ക് സ്വദേശിനി കേയ്റ്റിലിനെയാണ് ന്യൂയോര്‍ക്കിലെ യൂട്ടിക്കാ കോടതി 23 വര്‍ഷം തടവിന് വിധിച്ചത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വാത സംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സ നടത്തുന്ന കേന്ദ്രത്തിന്റെ ഉടമയായ മേരി യോഡര്‍ എന്ന അറുപത് വയസുകാരിയെയാണ് കേയ്റ്റ്‌ലിന്‍ വിഷം കൊടുത്ത് കൊന്നത്.

വാത രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. കാമുകനുമായുള്ള തെറ്റിധാരണയാണ് കാമുകന്റെ മാതാവിന്റെ കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നാണ് കണ്ടെത്തല്‍. വയറിളക്കവും ഛര്‍ദ്ദിലിനെയും തുടര്‍ന്ന് മേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ രോഗകാരണത്തെക്കുറിച്ചുള്ള വിശദമായ പരിശോധനയിലാണ് വിഷബാധ കണ്ടെത്തുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷം മേരി യോഡര്‍ മരണത്തിന് കീഴടങ്ങി. മേരിയുടെ മരണത്തെ തുടര്‍ന്ന് കേയ്റ്റ്‌ലിന്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശമായിരുന്നു കേസില്‍ നിര്‍ണായകമായത്.

കേയ്റ്റ്‌ലിന് മാതാവിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയത് തന്റെ പിഴയായിരുന്നുവെന്നും മാതാവിന്റെ ദയനീയ മരണത്തിന് താന്‍ കൂടി ഉത്തരവാദിയാണെന്നും മകന്‍ ആദം പറഞ്ഞു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു കേയ്റ്റ്‌ലിന്റെ പ്രതികരണം.