ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് സിപിഎം നേതാവ്: പാടില്ലെന്ന് എസ്എഫ്‌ഐ പ്രസിഡന്റ്

single-img
12 January 2018


സിപിഎം നേതാക്കളെക്കുറിച്ചു മിണ്ടിയാല്‍ വി.ടി. ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എകെജിക്കെതിരെ ബല്‍റാം നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തൃത്താല എംഎല്‍എ ഓഫിസിലേക്കു സിപിഎം നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുപരിപാടികളില്‍ ബല്‍റാമിനെ ബഹിഷ്‌കരിക്കും. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍നിന്നു മാറ്റി നിര്‍ത്തും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും നിലപാട് വ്യക്തമാക്കി. പ്രതിഷേധ മാര്‍ച്ചില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അതേസമയം വി.ടി.ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. ബല്‍റാം ചെയ്തതതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല.

സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാനാണു ബല്‍റാം ശ്രമിക്കുന്നത്. ആര്‍ക്കും ഏതു കാര്യങ്ങളിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷേ, ആരും ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാന്‍ കഴിയില്ലെന്നും സാനു പറഞ്ഞു.