അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിയു ഇടത് മുന്നണിയിലേക്ക്;സംസ്ഥാന സെക്രട്ടറി രാജി വച്ചു

single-img
11 January 2018

തിരുവനന്തപുരം: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ധാരണയായി. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം.

ഇതിനിടെ, തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ രാജിവച്ച് ഇറങ്ങിപ്പോയി.പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നതിന് വിരുദ്ധമായി ആരും അഭിപ്രായം പറയരുതെന്ന നിര്‍ദ്ദേശം വന്നതിലാണ് തന്റെ രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിവെച്ച വിവരം ജോണ്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് ജെഡിയുവിന് തന്നെ നല്‍കും. ഇത് സംബന്ധിച്ച്‌ ഇടതുമുന്നണി നല്‍കിയ ഉറപ്പ് വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു.

യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാന ഭാരവാഹി യോഗം അവസാനിച്ചത്.