ദ്രാവിഡിന്റെ പാതയില്‍ മകനും: സമിതിന്റെ സെഞ്ചുറിയില്‍ ടീമിന് 412 റണ്‍സിന്റെ മികച്ച വിജയം

single-img
10 January 2018

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ പാതയില്‍ മകന്‍ സമിത് ദ്രാവിഡും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കായി നടത്തിയ ടൂര്‍ണമെന്റിലാണ് സെഞ്ചുറി (150) മികവോടെ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് തിളങ്ങിയത്.

സാമിത് മാത്രമല്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ ജോഷിയും സെഞ്ചുറി (154) നേടി. ആര്യന്റെയും സമിതിന്റെയും മികവില്‍ മല്ല്യ അതിഥി സ്‌കൂള്‍ അഞ്ച് വിക്കറ്റിന് 500 റണ്‍സാണ് അടിച്ചെടുത്തത്. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു 500 റണ്‍സ് നേടിയത്.

501 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിവേകാനന്ദ ടീമിന് അല്‍പം പോലും പിടിച്ചുനില്‍ക്കാനായില്ല. മല്യ സ്‌കൂളിന്റെ ബോളര്‍മാര്‍ക്ക് മുന്നില്‍ വിവേകാനന്ദ സ്‌കൂളിന്റെ ബാറ്റ്‌സ്മാന്മാര്‍ തളര്‍ന്നുവീണു. 88 റണ്‍സ് എടുക്കുന്നതിനിടെ വിവേകാനന്ദ ടീമിന്റെ മുഴുവന്‍ വിക്കറ്റുകളും വീണു.

മല്യ അതിദി സ്‌കൂള്‍ 412 റണ്‍സിന്റെ മികച്ച വിജയം നേടുകയും ചെയ്തു. അച്ഛനുള്ള പിറന്നാള്‍ സമ്മാനമാണ് തന്റെ സെഞ്ചുറിയെന്ന് സമിത് പ്രതികരിച്ചു. വ്യാഴാഴ്ച്ചയാണ് ദ്രാവിഡിന്റെ 44ാം പിറന്നാള്‍. ഇതാദ്യമായല്ല ദ്രാവിഡിന്റെ മകന്‍ വാര്‍ത്തകളില്‍ നിറയുന്നത്. രണ്ടു വര്‍ഷം മുമ്പ് ടൈഗര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 125 റണ്‍സ് സമിത് അടിച്ചിരുന്നു.

ബാംഗ്ലൂര്‍ യുണൈറ്റഡ് ക്ലബ്ബിനായി ഫ്രാങ്ക് അന്തോണി പബ്ലിക് സ്‌കൂളിനെതിരെയായിരുന്നു സമിതിന്റെ പ്രകടനം. 12 ബൗണ്ടറിയും സമിത് അടിച്ചെടുത്തു. 2015ല്‍ അണ്ടര്‍12 ഗോപാലന്‍ ക്രിക്കറ്റ് ചലഞ്ചില്‍ മികച്ച ബാറ്റ്‌സ്മാനായും സമിതിനെ തിരഞ്ഞെടുത്തിരുന്നു. അന്ന് മല്ല്യ അതിഥി സ്‌കൂളിനായി മൂന്ന് അര്‍ധസെഞ്ചുറികളാണ് സമിത് നേടിയത്.