ശമ്പളമില്ല, ഭക്ഷണമില്ല: കുവൈറ്റില്‍ മുവായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ സമരത്തില്‍

single-img
10 January 2018

കുവൈറ്റില്‍ മുവായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ സമരത്തിലെന്ന് റിപ്പോര്‍ട്ട്. ഖരാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. ഒരു വര്‍ഷമായി ശമ്പളമില്ലാത്തതിനെ തുടര്‍ന്ന് പട്ടിണിയിലായ ഇവര്‍ ആത്മഹത്യയുടെ വക്കില്‍ എത്തിയിരിക്കുകയാണ്.

പശ്ചിമ ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍ ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. വിസാ കാലാവധി അവസാനിച്ച ഇവരുടെ പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണുള്ളത്. അതുകൊണ്ടു തന്നെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നു എന്നതിനാല്‍ ചികിത്സയ്ക്കായി ആശുപത്രികളിലേയ്ക്ക് പോകാന്‍ പോലും ഇവര്‍ക്ക് കഴിയില്ല.

ഇവരില്‍ പലരും വിഷാദത്തിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ശമ്പളം ലഭിക്കാനായി 45 ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഇന്ന് 14മത് ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ത്യന്‍ തൊഴിലാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഷാഹിന്‍ സയിദ് എന്ന സാമൂഹ്യ പ്രവര്‍ത്തക തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് ഈ പ്രശ്‌നം പുറത്തെത്തിച്ചത്.

പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ വൈകിയെന്നും ഇന്ത്യന്‍ എംബസി പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആവശ്യമായ ഫണ്ടില്ലാത്തതിനാലാണ് ശമ്പളം നല്‍കാത്തതെന്നാണ് കമ്പനിയുടെ വാദം.