സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കോഴിക്കോട്; നാളെ സ്‌കൂളുകള്‍ക്ക് അവധി

single-img
10 January 2018


 

തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും സ്വര്‍ണക്കപ്പ് സ്വന്തമാക്കി കോഴിക്കോട്. അഞ്ചു ദിവസം നീണ്ട സ്‌കൂള്‍ കലോല്‍സവത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെയാണ് കോഴിക്കോടിന്റെ നേട്ടം. എല്ലാ മല്‍സരങ്ങളും അവസാനിച്ചപ്പോള്‍ 895 പോയിന്റാണ് കോഴിക്കോടു നേടിയത്.

രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ പാലക്കാടാണു രണ്ടാം സ്ഥാനത്ത്. 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്താണ്. 24 വേദികളിലായി നടന്ന മത്സരങ്ങളില്‍ 300 വിഭാഗങ്ങളിലായി 12,000 കലാപ്രതിഭകളാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തത്.

തൃശൂരിനോട് ഉപചാരം ചൊല്ലിപ്പിരിയുന്ന കുട്ടികള്‍ അടുത്ത വര്‍ഷം ആലപ്പുഴയില്‍ വീണ്ടും ഏറ്റുമുട്ടും. അതേസമയം, കിരീട നേട്ടത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
അറബിക് കലോല്‍സവത്തില്‍ മലപ്പുറ(95)ത്തിനാണ് ഒന്നാം സ്ഥാനം. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ 93 പോയിന്റോടെ അറബിക് കലോല്‍സവത്തില്‍ രണ്ടാം സ്ഥാനത്തെത്തി. സംസ്‌കൃതോത്സവത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. 95 പോയിന്റാണ് അവര്‍ കരസ്ഥമാക്കിയത്. 91 പോയിന്റാടെ കണ്ണൂരും, പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 111 പോയിന്റോടെ ആലത്തൂര്‍ ജിഇഎച്ച്എസ് സ്‌കൂളുകളില്‍ ഒന്നാമതെത്തി.

നീര്‍മാതളം മുതല്‍ കേരം വരെയുള്ള 24 വേദികളാണ് കലോല്‍സവത്തോടനുബന്ധിച്ച് തയാറാക്കിയിരുന്നത്. ഇവയില്‍ ഇരുപതിലേയും മല്‍സരങ്ങള്‍ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഇന്നസന്റ് എംപി, ശ്രീനിവാസന്‍, കമല്‍, സത്യന്‍ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ ആനന്ദപുളകിതമാക്കിയാണ് സ്‌കൂള്‍ കലോല്‍സവത്തിനു തിരശീല വീഴുന്നത്. അഞ്ചു ദിവസങ്ങളിലും നിറഞ്ഞ പങ്കാളിത്തമായിരുന്നു കാണികളുടെ ഭാഗത്തുനിന്നുണ്ടായത്. കാണികളാല്‍ നിറഞ്ഞാണ് പല വേദികളിലും മല്‍സരങ്ങള്‍ നടന്നത്. മല്‍സരങ്ങള്‍ പാതിരാ കഴിഞ്ഞപ്പോഴും തികഞ്ഞ പിന്തുണയുമായി തൃശൂര്‍ ഒപ്പം നിന്നു.