വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കി

single-img
10 January 2018


ഐഎച്ച്ആര്‍ഡി നിയമന വിവാദത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ കുറ്റവിമുക്തന്‍. അരുണ്‍ കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി.

അരുണ്‍ കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐ എച്ച് ആര്‍ ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്താണ് വിവാദം ഉയര്‍ന്നത്.

ആവശ്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ കണ്ടെത്തലുകള്‍ വിജിലന്‍സ് തള്ളിക്കളയുകയും ചെയ്തിരുന്നു.