മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

single-img
10 January 2018

 

കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബി.ജെ.പി. യുവമോര്‍ച്ച നേതാവിനെ ചിക്കമഗളൂരു പോലീസ് അറസ്റ്റുചെയ്തു. യുവമോര്‍ച്ച മൂഡഗിരി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അനില്‍(28) ആണ് അറസ്റ്റിലായത്. മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി യുവമോര്‍ച്ചയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

തനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ് ധന്യശ്രീ വാട്‌സാപ്പില്‍ സന്ദേശമയച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പെണ്‍കുട്ടിയുടെ സന്ദേശം കണ്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് ചെയ്യുകയും സോഷ്യല്‍ മീഡിയ വഴി അപമാനിക്കുകയും ചെയ്തിരുന്നു.

ധന്യശ്രീ തട്ടമിട്ട ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ധന്യശ്രീയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മകളെ അച്ചടക്കത്തോടെ വളര്‍ത്തണമെന്നും ഇല്ലെങ്കില്‍ അനന്തര ഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു യുവമോര്‍ച്ചയുടെ ഭീഷണി. ഇതു കൂടാതെ ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും അമ്മ പൊലീസിനോട് പറഞ്ഞു.

അനിലിന്റെയും മറ്റു നാലുപേരുടെയും പേരുകള്‍ ധന്യ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി നാലുപേരെ പിടികൂടാനുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ ധന്യയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.