ബഹ്‌റൈനിലെ പ്രവാസികളെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി: ‘2019ല്‍ ബിജെപിയെ പരാജയപ്പെടുത്തും’

single-img
9 January 2018

രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഇപ്പോഴുള്ളതെന്നും കേന്ദ്ര സര്‍ക്കാരാണ് ഇതിന് ഉത്തരവാദികളെന്നും രാഹുല്‍ പറഞ്ഞു.

ബഹ്‌റൈനിലെത്തിയ രാഹുല്‍ അവിടുത്തെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള, രാഹുലിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.

ആറുമാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മാനിക്കുമെന്നും അദ്ദേഹം വിദേശ ഇന്ത്യക്കാര്‍ക്ക് ഉറപ്പു നല്‍കി. സംഘടനയ്ക്കുള്ളില്‍ മാറ്റങ്ങളുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് രാഹുല്‍ ഇതിലൂടെ നല്‍കിയത്. 2019 ല്‍ ബി ജെപിയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍, കോണ്‍ഗ്രസ് അതിന് പ്രാപ്തമാണമെന്നും പറഞ്ഞു.

തങ്ങളുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യമഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് രാജ്യപുരോഗതിക്കു വേണ്ടി താന്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങളെന്നും രാഹുല്‍ പറഞ്ഞു.

തങ്ങളുടെ പ്രിയനേതാവിനെ കാണാനെത്തിയ നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. എല്ലാവരെയും ഒരുപോലെ കാണുന്ന പാരമ്പര്യത്തിലൂന്നിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് രാഹുല്‍ ഗാന്ധിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം സമാപിച്ചത്.