കേരളത്തില്‍ നമ്പര്‍ എഴുതി വാങ്ങുന്ന വ്യാജ ലോട്ടറി പെരുകുന്നു

single-img
9 January 2018

സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കി വ്യാജ ലോട്ടറി വ്യാപകം. മലപ്പുറം ജില്ലയില്‍ വന്‍ തോതില്‍ വ്യാജ ലോട്ടറി ഇടപാട് നടക്കുന്നുണ്ട്. കേരള സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വ്യാജ ലോട്ടറിയാണ് ജില്ലയില്‍ സജീവമായിട്ടുള്ളത്.

നമ്പര്‍ എഴുതി വാങ്ങി സമ്മാനം നല്‍കുന്ന വ്യാജ ലോട്ടറി സംവിധാനമാണിത്. എഴുത്ത് ലോട്ടറി ഉപഭോക്താക്കള്‍ക്ക് നാല് സമ്മാനങ്ങളാണ് വ്യാജ ലോട്ടറിക്കാര്‍ നല്‍കുന്നത്. 25000 രൂപയാണ് ഒന്നാം സമ്മാനം 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്.

കേരളാ ലോട്ടറികളുടെ നറുക്കെടുപ്പിന് മുമ്പാണ് നമ്പര്‍ എഴുതി വാങ്ങുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 ന് നറുക്കെടുക്കുന്ന ലോട്ടറികളെ അടിസ്ഥാനമാക്കി ഒരു മണി വരെ നമ്പറുകള്‍ എഴുതിവാങ്ങും. ഫോണ്‍നമ്പറുകളും പേരും രേഖപ്പെടുത്തി സൂക്ഷിക്കുകയും കേന്ദ്രത്തിലേക്ക് കോപ്പി ഇ മെയിലായി അയയ്ക്കുകയും ചെയ്യുന്നു.

ചെറുകിട ഏജന്റുമാര്‍ ഇടനിലക്കാര്‍ക്ക് ഫോണ്‍ മുഖേന വിളിച്ച് പറഞ്ഞാണ് രേഖകള്‍ എത്തിക്കുന്നത്. കേരളാ ലോട്ടറിയുടെ നറുക്കെടുപ്പിന്റെ റിസള്‍ട്ട് നോക്കി അവസാനത്തെ മൂന്നക്കങ്ങള്‍ ഒത്ത് വന്നാല്‍ സമ്മാനങ്ങള്‍ നല്‍കും. ഓരോ സമാന്തര ലോട്ടറിക്കടകളിലും ലക്ഷങ്ങളാണ് ഓരോ ദിവസവും ഇടപാട് നടക്കുന്നത്.

നിരവധി സെറ്റ് ടിക്കറ്റുകളാണ് ചില ഭാഗ്യപരീക്ഷണക്കാര്‍ എഴുതിപ്പിക്കുന്നത്. ഇതില്‍ സമ്മാനാര്‍ഹമായ തുക ഉടന്‍തന്നെ നല്‍കുകയും ചെയ്യുന്നു. കമ്പൂട്ടറുകളും പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളാണ് വ്യാജ ലോട്ടറി കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.

വന്‍ തുക വാടക കൊടുത്താണ് വ്യാജ ലോട്ടറി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഓഫീസിന് കീഴിലും നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളാ ലോട്ടറിയുടെ അംഗീകൃത ഏജന്‍സികള്‍ തന്നെയാണ് സമാന്തരലോട്ടറിയും നടത്തുന്നത്.

ഒറ്റയക്ക ലോട്ടറികളും അന്യസംസ്ഥാന ലോട്ടറികളും സൂപ്പര്‍ലോട്ടോ പോലുള്ള ചൂതാട്ട ലോട്ടറികളും നിരോധിച്ചതോടെയാണ് കേരളാ ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി ആരംഭിച്ചത്. മലപ്പുറം കാളികാവില്‍ കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡില്‍ ലോട്ടറി ജീവനക്കാരന്‍, ലോട്ടറി ഉടമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പണവും മൊബൈല്‍ ഫോണുകളം നമ്പര്‍ എഴുതിയിരുന്ന തുണ്ട് കടലാസുകളും പോലീസ് പിടിച്ചെടുത്തു. രണ്ട് പേരേയും പിന്നീട് പോലീസ് ജാമ്യത്തില്‍ വിടുകയിരുന്നു. ശക്തമായ നടപടി ഇല്ലാത്തത് കാരണം സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിക്ക് വന്‍ തിരിച്ചടിയാവുകയാണ് ഇത്തരം വ്യാജ ലോട്ടറികള്‍.