3.21 കോടി രൂപ കടത്താന്‍ ശ്രമം; ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി അറസ്റ്റില്‍: വീഡിയോ

single-img
9 January 2018

ജെറ്റ് എയര്‍വേയ്‌സിന്റെ ഡല്‍ഹി-ഹോങ്കോംഗ് വിമാനത്തിലെ വനിതാ ജീവനക്കാരിയില്‍ നിന്നും 3.21 കോടിയുടെ യു.എസ് ഡോളര്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച അര്‍ദ്ധരാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്.

തിങ്കളാഴ്ച ഹോങ്കോങ്ങിലേക്കുള്ള വിമാനത്തില്‍ പോകാനിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. അമിത് മല്‍ഹോത്ര എന്ന ഏജന്റ് മുഖേനയാണ് നോട്ടുകള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.


വിദേശ കറന്‍സി കടത്തുന്നതിന് ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ചിരിക്കുന്ന സൂചന. ഡല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത് ഇങ്ങനെ പണം എത്തിച്ചിരുന്നതായാണ് വിവരം.

ആറുമാസം മുന്‍പ് ഇന്ത്യയിലേക്കു നടത്തിയ യാത്രയിലാണു മല്‍ഹോത്ര ജീവനക്കാരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുന്നത്. കൂടുതല്‍ ജീവനക്കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണു ഡിആര്‍ഐയുടെ നിഗമനം. അമിത് മല്‍ഹോത്രയേയും പിന്നീട് ഡിആര്‍ഐ അറസ്റ്റ് ചെയ്തു.

Also Read: ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത് ന്യൂട്ടനല്ല ബ്രഹ്മഗുപ്തനെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

വിമാന കമ്പനിക്ക് ഈ സംഘവുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കുമെന്നു ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേയ്‌സിന് യാതൊരു ബന്ധമില്ലെന്നും കള്ളപ്പണം പിടിച്ചെടുത്ത ജീവനക്കാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്പനി വക്താവ് റവന്യൂ ഇന്റലിജന്‍സിനെ അറിയിച്ചു.