നടി അമലപോളിന് കുരുക്ക് മുറുകി; ഹൈക്കോടതിയിലും തിരിച്ചടി

single-img
9 January 2018

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. 15ാം തിയതി 10 മുതല്‍ ഒരു മണിവരെ ക്രൈംബ്രാഞ്ചിന് അമലാ പോളിനെ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

അമലപോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 10 ദിവസത്തിനുശേഷം പരിഗണിക്കും. അമലപോള്‍ വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പുതുച്ചേരിയിലെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍പേര്‍ താമസിച്ചിരുന്നതായി രേഖയുണ്ടെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

കണ്ണൂര്‍ സ്വദേശി അഖിലിന്റെ പേരിലും ഇവിടെ ജി.എസ്.ടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ യഥാര്‍ഥ താമസക്കാരനെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന വാദമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചത്.

സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ഡിസംബര്‍ 25ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റമേറ്റിരുന്നു. ഫഹദ് ഫാസിലിനെ അന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി.

നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്.

2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.

അതേസമയം നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്.