റിപ്പബ്ലിക് ദിനത്തിലും മോഹന്‍ ഭഗവത് പാലക്കാട്ട് പതാക ഉയര്‍ത്തും

single-img
8 January 2018


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലും പാലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്താനെത്തും. പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ 26 മുതല്‍ നടക്കുന്ന ആര്‍എസ്എസ് മണ്ഡല്‍ ഉപരികാര്യകര്‍തൃ പ്രവര്‍ത്തകരുടെ ശിബിരത്തില്‍ പങ്കെടുക്കാനെത്തുമ്പോഴാണു മോഹന്‍ ഭഗവത് രാവിലെ ഒന്‍പതിനു സ്‌കൂളില്‍ റിപ്പബ്ലിക്ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തുക എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാലക്കാട്ടെ മൂത്താംതറ കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌കൂളിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് മോഹന്‍ഭഗവത് വീണ്ടും വരുന്നത്.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ്. അധ്യക്ഷനുള്ളത് ആ സ്ഥലങ്ങളില്‍ അദ്ദേഹം ദേശീയപതാക ഉയര്‍ത്തുക പതിവാണെന്നും ഇത്തവണയും ആ രീതി പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍ വ്യക്തമാക്കി.

ആര്‍എസ്എസ് ബന്ധമുളള സ്‌കൂളാണ് വിദ്യാനികേതന്‍. ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലോ ധനസഹായത്തിലോ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അല്ലാത്തതിനാല്‍ ഇതിനെതിരേ സര്‍ക്കാരിന് നടപടി എടുക്കാനാകില്ല.