യുഎഇയില്‍ വിസ ഏജന്റുമാരുടെ ചതിക്കുഴിയില്‍പ്പെട്ട മലയാളി വീട്ടമ്മയെ രക്ഷപ്പെടുത്തി

single-img
7 January 2018

യുഎഇയില്‍ വീട്ടുജോലിക്കെത്തി കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് മുനീര്‍ നടുക്കുന്നിലിന്റെ ഭാര്യ ഉബൈസയെ (40) 15 ദിവസത്തിനു ശേഷം സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ നവംബര്‍ 30ന് ഉബൈസയെ ഡല്‍ഹിയില്‍ നിന്നായിരുന്നു യുഎഇയിലേയ്ക്ക് കയറ്റിയയച്ചത്. ഇവിടെയെത്തിയ ശേഷം 12 ദിവസത്തോളം ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചു. പിന്നീട്, യുഎഇയില്‍ വീട്ടുജോലി സാധ്യത കുറവാണെന്ന് പറഞ്ഞ് ഡിസംബര്‍ 12ന് ഒമാനിലേയ്ക്ക് കൊണ്ടുപോയി.

അവിടെയും കുറേദിവസം ഒരു സ്വദേശി വീട്ടില്‍ ജോലി ചെയ്തു. എന്നാല്‍, മുട്ടുവേദനയുണ്ടായപ്പോള്‍ ചികിത്സ പോലും നല്‍കാന്‍ തയ്യാറായില്ലെന്ന് ഉബൈസ പറയുന്നു. വീട്ടുജോലി ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ മസ്‌കത്തിലെ ഒരു ഓഫിസില്‍ കൊണ്ടുപോയി നിര്‍ത്തി. എന്നാല്‍, ഫോണ്‍ വിളിക്കാനോ മറ്റോ സമ്മതിച്ചില്ല.

ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മുനീര്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ദുബായിലെ സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ കാനോത്ത്, നസീര്‍ വാടാനപ്പള്ളി, സിറാജ് തുടങ്ങിയവരും വേള്‍ഡ് മലയാളി ഫെഡറേഷന്‍, ദുബായ് പിആര്‍ഒ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രശ്‌നത്തിലിടപ്പെട്ടത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉബൈസയുടെ യാത്ര രേഖകള്‍ ശേഖരിച്ച ശേഷം ഏജന്‍സിയുടെ ഒമാനിലെ ആള്‍ക്കാരുമായി ബന്ധപ്പെട്ടു. ഉബൈസയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഭയന്ന സംഘം ഉബൈസയെ തിരിച്ച് യുഎഇയിലേയ്ക്ക് കയറ്റി അയച്ചു.

പിന്നീട്, ദുബായിലെ ഏജന്‍സി കുറേ ദിവസം അജ്മാനിലെ ഒരു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു. അനാശാസ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് പൂട്ടിയിട്ട വേറെയും നാലോളം യുവതികള്‍ അവിടെയുണ്ടായിരുന്നുവെന്ന് ഉബൈസ പറഞ്ഞു. ഉബൈസയെ ശനിയാഴ്ച രാവിലെ നാട്ടിലേയ്ക്ക് കയറ്റിയയച്ചതായി ദുബായ് പിആര്‍ഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡ്രൈവറായിരുന്ന മുനീറിന് വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാതെ വരികയും മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് നിത്യച്ചെലവിന് വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാവുകയും ചെയ്തപ്പോഴായിരുന്നു ഉബൈസ ഗള്‍ഫില്‍ വീട്ടു ജോലിക്ക് വരാന്‍ തീരുമാനിച്ചത്.

മുനീറിന്റെ പരിചയക്കാരന്‍ മുഹമ്മദ് വഴി കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സിയിലെ ഒരാളെ പരിചയപ്പെടുകയും ഇദ്ദേഹം സന്ദര്‍ശക വിസയും വിമാന ടിക്കറ്റും സംഘടിപ്പിച്ച് നല്‍കുകയുമായിരുന്നു. എന്നാല്‍ ഗള്‍ഫില്‍ എത്തിയശേഷമാണ് ചതിയില്‍ പെട്ടത് മനസ്സിലായതെന്ന് ഉബൈസ പറഞ്ഞു.

കടപ്പാട്: മനോരമ