സ്വന്തം പാർട്ടിയിലും ഒറ്റപ്പെട്ട് വി ടി ബൽറാം : തള്ളിപ്പറഞ്ഞ് ഉമ്മൻ ചാണ്ടിയും ഹസ്സനും

single-img
7 January 2018

ബൽറാം എ കെ ജി” width=മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്ന എ കെ ഗോപാലനെ ബാലപീഡകനെന്നു വിളിച്ച വി ടി ബലറാമിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ്സ് നേതൃത്വം. എകെജിക്കെതിരെ ബൽറാം നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ വ്യക്തമാക്കി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആദരവാര്‍ജിച്ച നേതാവാണ് എകെജി. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നൽകിയതായും ഹസൻ അറിയിച്ചു. വ്യക്തിപരമായ ഒരു പരാമര്‍ശത്തെ വളച്ചൊടിച്ചതാണെന്നായിരുന്നു ബല്‍റാം വിശദീകരിച്ചതെന്നും ഹസൻ പറഞ്ഞു. എന്നാൽ വ്യക്തിപരമായിപ്പോലും അങ്ങനെ പറയുന്നത് ശരിയല്ലെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു.

മുൻ മുഖ്യമന്ത്രി  മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയും ബലറാമിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ബല്‍റാമിന്റെ പരാമര്‍ശം പരിധി കടന്നു പോയെന്നും, എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നുമാണു ഉമ്മന്‍ചാണ്ടി അഭിപ്രാ‍യപ്പെട്ടത്. കെപിസിസി അദ്ധ്യക്ഷൻ എം എം ഹസൻ  പറഞ്ഞത് കോണ്‍ഗ്രസിന്റെ പൊതു അഭിപ്രായമാണെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.

ബലറാമിന്റെ പരാമർശം വളര്‍ന്ന് വരുന്ന കോണ്‍ഗ്രസ് നേതാവിന് ചേര്‍ന്നതല്ലെന്നും തെറ്റ് ബല്‍റാം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.  എന്നാൽ ഒരു പരാമര്‍ശത്തിന്റെ പേരില്‍ വീണ് കിട്ടിയ അവസരമായി കരുതി വി.ടി ബല്‍റാമിനെ ചവിട്ടി മുക്കിക്കളയാമെന്ന് കരുതേണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

കെ. മുരളീധരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളും ബൽറാമിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞിരുന്നു.

സി പി എം നേതാക്കളൊന്നാകെ ബൽറാമിനെതിരെ രംഗത്തെത്തിയിരുന്നു. ബൽറാം വിവരദോഷിയും ധിക്കാരിയുമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. എ കെ ജിയെ അവഹേളിച്ച എം എൽ എ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണതെന്നും പിണറായി അഭിപ്രായപ്പെട്ടു.

എ കെ ജിയെ അവഹേളിച്ച എം എൽ എ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ…

Posted by Pinarayi Vijayan on Saturday, January 6, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയ മുതിർന്ന നേതാവ് മണിശങ്കർ അയ്യരെ പാർട്ടിയിൽനിന്നു പുറത്താക്കിയ കോൺഗ്രസ്, ബൽറാമിനെതിരെ എന്തു നടപടിയെടുക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം.

എം എം മണിയുടെ പ്രതികരണം പതിവുപോലെതന്നെ മോശമായ ഭാഷയിലാണു. ബൽറാമിന്റെ മാതാപിതാക്കളെ പരാമർശിച്ചുള്ള അധിക്ഷേപമാണു എം എം മണി നടത്തിയത്. സ്വന്തം മാതാപിതാക്കളെക്കുറിച്ച് പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മണി പറഞ്ഞത്. എകെജിയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ ബല്‍റാമിന്റെ സംസ്‌കാരമാണ് പുറത്തുവന്നതെന്നും എം എം മൺ

ബൽറാമിന്റെ പരാമർശത്തിനെതിരെ ഇന്നലെ ബൽറാമിന്റെ ഓഫീസിലേയ്ക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ച അക്രമാസക്തമായിരുന്നു. എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിലേക്ക് വൈകിട്ട് 4.30നാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച സംഘടിപ്പിച്ചത്. എംഎല്‍എയുടെ ഓഫീസിലെ ചില്ലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ഉപകരണങ്ങള്‍ കേടു വരുത്തുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രകടനം നിയന്ത്രിക്കാനായി നൂറുകണക്കിന് പോലീസുകാരാണ് എത്തിയിരുന്നത്. ഓഫിസിനു നേരെ പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗവും നടത്തി.