ശബരിമലയിലിപ്പോള്‍ ഭൈരവയാണ് താരം: അയ്യപ്പന്‍മാര്‍ക്ക് വഴികാട്ടിയായി ഈ തെരുവ് നായ നടന്നത് 780 കിലോമീറ്റര്‍

single-img
7 January 2018

ശബരിമലയിലിപ്പോള്‍ ഭൈരവയാണ് താരം. ഈ തെരവു നായക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിക്കാന്‍ വരട്ടെ. ആളു ചില്ലറക്കാരനല്ല. 780 കിലോമീറ്റര്‍ നടന്നാണ് ഇവന്‍ സന്നിധാനത്ത് എത്തിയത്. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ശബരിമല തീര്‍ഥാടകരുടെ ഒപ്പമാണ് ഭൈരവ ഇവിടെയെത്തിയത്.

ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബെംഗളൂരുവില്‍ നിന്നു കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് നായ പിന്നാലെ കൂടിയത്. ആദ്യം നായയെ ഭയന്ന് പലതവണ ഓടിച്ചു വിട്ടെങ്കിലും പിന്നാലെ നടന്നു.

സേലം വരെ ഒപ്പം കൂടിയപ്പോഴാണ് പിന്നെ നായയെ ഭൈരവന്‍ എന്ന് പേര് വിളിച്ച് തുടങ്ങിയത്. സേലത്തുനിന്ന് ആറു പേര്‍കൂടി ചേര്‍ന്നതോടെ നായ വഴികാട്ടിയുടെ റോളിലേക്ക് മാറി. അയ്യപ്പന്‍മാര്‍ വിശ്രമിക്കുമ്പോള്‍ ഭൈരവനും വിശ്രമിക്കും, നടപ്പ് വേഗത്തിലാക്കുമ്പോള്‍ ഭൈരവനും വേഗം നടക്കും.

ചായയോ പാലോ വാങ്ങി നല്‍കിയാല്‍ അവനും കുടിക്കും. മനുഷ്യരെയോ മറ്റു മൃഗങ്ങളെയോ ശല്യം ചെയ്യാതെയാണ് ഭൈരവ അയ്യപ്പന്‍മാരുടെ സംഘത്തിനൊപ്പം നീങ്ങിയത്. 19 ദിവസം കൊണ്ടാണ് ആനന്ദും സംഘവും എരുമേലിയില്‍ എത്തിയത്. പേട്ട തുള്ളാന്‍ വേഷമിട്ടപ്പോള്‍ ഭൈരവന്റെ മുഖത്തും ചായം തേച്ചു പൊട്ടു തൊടീച്ചു.

കൊച്ചമ്പലത്തില്‍ നിന്നു പേട്ടകെട്ടി വലിയമ്പലത്തില്‍ എത്തി. എരുമേലിയില്‍നിന്ന് ബാക്കി തീര്‍ഥാടകര്‍കൂടി ചേര്‍ന്നതോടെ ഭൈരവ കൂട്ടം തെറ്റി. പമ്പയിലും സന്നിധാനത്തുമെല്ലാം തിരഞ്ഞെങ്കിലും ഭൈരവനെ കണ്ടെത്താനായില്ല. ഒടുവില്‍ ആനന്ദും സംഘവും മാളികപ്പുറം ക്ഷേത്രത്തിന് സമീപം വിശ്രമിക്കുമ്പോള്‍ ഭൈരവന്‍ അവര്‍ക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു.

ഇടയ്ക്ക് കാണാതെ പോയതില്‍ സങ്കടം തീര്‍ത്ത് സ്‌നേഹപ്രകടനമായിരുന്നു പിന്നെ. അങ്ങനെ ഭൈരവന്‍ വീണ്ടും അവരോടൊപ്പം തന്നെ നടന്നു. ഇനി ഇവന്‍ സന്നിധാനത്ത് തങ്ങുമോ അതോ മടങ്ങുമോയെന്ന ആകാംക്ഷയിലാണ് സംഘം.

കടപ്പാട്: മനോരമ