മോദി സര്‍ക്കാരിനെ ട്രോളി രാഹുലിന്റെ പുതിയ ട്വീറ്റ്: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
6 January 2018

ഈ വര്‍ഷത്തെ ജിഡിപി 6.5 ശതമാനമായി കുറയുമെന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ നയങ്ങളും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബുദ്ധിയും സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ പറഞ്ഞു. മോദിയുടെത് മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ( ജി ഡി പി)മാണെന്നും രാഹുല്‍ പറഞ്ഞു.

ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. 2017-18 ലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2016-17 ലേതിനെക്കാള്‍ കുറവായിരിക്കുമെന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ( സി എസ് ഒ) സൂചന പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

ധനമന്ത്രിയുടെ പ്രതിഭയും മിസ്റ്റര്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും(ജി ഡി പി) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത് എന്നുപറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.

പുതിയ നിക്ഷേപം 13 വര്‍ഷത്തേതില്‍ ഏറ്റവും കുറവ്
ബാങ്ക് ക്രെഡിറ്റ് ഗ്രോത്ത് 63 വര്‍ഷത്തേതില്‍ ഏറ്റവും കുറവ്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് എട്ടുവര്‍ഷത്തേതില്‍ ഏറ്റവും കുറവ്
അഗ്രികള്‍ച്ചര്‍ ജി വി എ ഗ്രോത്ത് 1.7 ശതമാനമായി കുറഞ്ഞു
ധനക്കമ്മി എട്ടുവര്‍ഷത്തേതില്‍ ഉയര്‍ന്നത്
പ്രവര്‍ത്തനം നിലച്ച പദ്ധതികളിലും വര്‍ധനയുണ്ടായതായി രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. നാല് വര്‍ഷമായി ലോക്പാലും ലോകായുക്ത ബില്ലും പാസാക്കാതിരിക്കുന്ന മോദി സര്‍ക്കാരിനെ ഇന്നലെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കള്ളപ്രചാരങ്ങള്‍ മോദി അവസാനിപ്പിക്കണമെന്നും ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.