സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു: മുഖ്യമന്ത്രി എത്താത്തതിനെച്ചൊല്ലി വിവാദം

single-img
6 January 2018

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു. പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്താത്തതിനെച്ചൊല്ലി വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുന്നത്. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയില്‍ മുഖ്യമന്ത്രി എത്താത്തതെന്ന് സംഘാടകര്‍ വിശദീകരിക്കുന്നു.

എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളതിന്റെ പേരില്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് പോലും ഒഴിവാക്കിയ ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ബി.ജെ.പിയും പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യവേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഔദ്യോഗിക തിരക്കുകള്‍ പറയുന്ന മുഖ്യമന്ത്രി അടുത്തിടെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ സി പി എം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ പോയ കാര്യവും ചിലര്‍ ഓര്‍മിപ്പിച്ചു.

അതേസമയം കമ്പോളത്തിന്റെ കൈകളിലേക്ക് കലയെ വിട്ടുകൊടുക്കരുതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. കലാപ്രതിഭകളെ കേരളത്തിന് ഉപകാരപ്പെടുംവിധം പ്രതിഭാബാങ്ക് രൂപീകരിച്ച് മുന്നോട്ടുപോകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എസി.മൊയ്തീന്‍, കലാമണ്ഡലം ഗോപി, ഗായകന്‍ പി.ജയചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 232 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മല്‍സരിക്കും. 24 വേദികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. കലോല്‍സവം പത്തിന് സമാപിക്കും.