കശ്മീരിലെ മാർക്കറ്റിൽ സ്ഫോടനം: നാലു പോലീസുകാർ കൊല്ലപ്പെട്ടു

single-img
6 January 2018

സ്ഫോടനംജമ്മു കശ്മീരിലെ സൊപ്പോറിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ നാലു പോലീസുകാർ കൊല്ലപ്പെട്ടു. വിഘടനവാദികൾ ആഹ്വാനം ചെയ്ത പണിമുടക്കിനെത്തുടർന്നു മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

സൊപ്പോറിലെ ബഡാ ബസാറിനേയും ചോട്ടാ ബസാറിനേയും ബന്ധിപ്പിക്കുന്ന വഴിയിലുള്ള ഒരു കടയുടെ അടിയിലായി ഐ ഇ ഡി (Improvised explosive device) സ്ഥാപിച്ചാണു സ്ഫോടനം നടത്തിയിരിക്കുന്നത്. സ്ഫോടനത്തിൽ മൂന്നു കടകൾ തകർന്നതായി ജമ്മു കശ്മീർ പോലീസ് ഐ ജി മുനീർ ഖാൻ പറഞ്ഞതായി കശ്മീരിൽ നിന്നുള്ള ഗ്രേറ്റർ കശ്മീർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

1993-ൽ സുരക്ഷാ സേനയുടെ വെടിവെയ്പ്പിൽ 57-പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ വാർഷികം പ്രമാണിച്ച് ചില വിഘടനവാദി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനിടെ പട്രോളിംഗിനു പോയ പോലീസുകാരാണ് സ്ഫോടനത്തിൽപ്പെട്ടത്. ഇന്ത്യന്‍ റിസര്‍വ് പോലീസ് മൂന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്.

സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ അൻശോചനം അറിയിച്ചു.

പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ തുടരുന്നു.