വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനുവരി 18 മുതല്‍ 26 വരെ എല്ലാ ദിവസവും നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

single-img
6 January 2018

ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും ഡല്‍ഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായാണ് ഇത്. ആയിരകണക്കിന് യാത്രക്കാരെ ഇത് ബാധിക്കും.

ജനുവരി 18 മുതല്‍ 26 വരെ രാവിലെ 10.35 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഡല്‍ഹിക്ക് മുകളിലൂടെ പറക്കാനാവില്ലെന്ന് വിമാന കമ്പനികളെ അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവിലെ ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണ എല്ലാ വര്‍ഷവും ജനുവരി 19 മുതല്‍ 60-90 മിനിറ്റ് വരെയാണ് റിഹേഴ്‌സല്‍ നടത്താറുള്ളത്. ഈ സമയത്ത് ഡല്‍ഹിക്ക് മുകളിലൂടെ പറക്കുന്നതിന് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ടായിരുന്നു. ഈ സമയങ്ങളിലെ വിമാനങ്ങള്‍ സമയം പുനഃക്രമീകരിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍ ഇത്തവണ സര്‍വീസുകള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഒരുക്കാനാവില്ലെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു. 2017ലെ കണക്കനുസരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ദിനംപ്രതി 1350 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.