ശശീന്ദ്രന്റെ മന്ത്രിസ്ഥാനം പ്രതിസന്ധിയില്‍: കേസ് തീര്‍പ്പാക്കാമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

single-img
5 January 2018

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനു തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള ശശീന്ദ്രന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തിലെ തീരുമാനം ഉച്ചക്കുശേഷം അറിയിക്കാമെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് റദ്ദാക്കണമെന്ന മുന്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിച്ചതെന്ന് കരുതുന്നു. ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകക്ക് മന്ത്രി സര്‍ക്കാര്‍ ജോലി വാദഗ്ദാനം ചെയ്തിരുന്നു. ഇത് അധികാര ദുര്‍വിനിയോഗമാണെന്നു കക്ഷി ചേര്‍ന്നവര്‍ വാദിച്ചു. എന്നാല്‍ വാദിയും പ്രതിയും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ വേളയില്‍ കേസ് തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയിലെ സര്‍ക്കാര്‍ നിലപാട്.

കേസ് പിന്‍വലിക്കുന്നതിനുള്ള ഹര്‍ജി നല്‍കിയപ്പോള്‍ തന്നെ, ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ ഇടപാടല്ലെന്നും, പൊതുതാത്പര്യമുള്ള വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നിലപാട് അറിയണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരി പരാതി പിന്‍വലിച്ചത്.

മന്ത്രിയായിരിക്കെ 2016 നവംബര്‍ എട്ടിന് ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് ശശീന്ദ്രനെതിരായ പരാതി. അതേസമയം, ഹര്‍ജി പിന്‍വലിച്ചതിനെപ്പറ്റി അറിയില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനവും ഹര്‍ജി പിന്‍വലിച്ചതും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.