രാഷ്ട്രീയ പ്രഖ്യാപനത്തിനു പിന്നാലെ മലേഷ്യയിൽ രജനി-കമൽ കൂടിക്കാഴ്ച

single-img
5 January 2018

രജനി-കമൽതമിഴ് സിനിമാ സൂപ്പർതാരങ്ങളായ രജനീകാന്തും കമൽ ഹാസനും നാളെ മലേഷ്യയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. ഇരുവരും രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കില്ല രജനി-കമൽ കൂടിക്കാഴ്ചയെന്നാണു റിപ്പോർട്ടുകളെങ്കിലും രാഷ്ട്രീയപരമായ കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.

ചെന്നൈയിൽ നടികർ സംഘത്തിന്റെ (സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പണം സ്വരൂപിക്കാൻ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് രജനീകാന്തും കമലഹാസനും എത്തുക.

സിനിമാമേഖലയിൽ നിന്നുള്ള ഇരുനൂറിലേറെ പേർ മലേഷ്യയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. രജനീകാന്ത് വ്യാഴാഴ്ച രാത്രി മലേഷ്യയിലേക്കു പുറപ്പെട്ടപ്പോൾ കമൽഹാസൻ വെള്ളിയാഴ്ച എത്തും.

ചടങ്ങിൽ സംസാരിക്കുന്ന താരങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് സംസാരിക്കുമോ എന്നാണു മാധ്യമലോകം ഉറ്റുനോക്കുന്നത്. രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും കമൽ ഇതുവരേയും നിലപാടിന്റെ കാര്യത്തിൽ ഒരു വ്യക്തതയും വരുത്തിയിട്ടില്ല.

തന്റേത് ആത്മീയ രാഷ്ട്രീയമാണു എന്ന് പ്രഖ്യാപിച്ച ശേഷം രജനീകാന്ത്, ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ അണ്ണാഡിഎംകെ മന്ത്രിയും ചലച്ചിത്രകാരനുമായ ആർ.എം.വീരപ്പനുമായും രജനി കൂടിക്കാഴ്ച നടത്തി.

നവംബറിൽ 63-ാം പിറന്നാൾ ദിനത്തിലാണു കമൽ തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമൽ തന്റെ അണികളുമായും പൊതുജനങ്ങളുമായും സംവദിക്കാനായി പുതിയ ആപ്പ് ജനുവരിയിൽ പുറത്തിറക്കുമെന്ന് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മേയ് മാസത്തിൽ നടന്ന ഒരു ആരാധക സംഗമത്തിൽ വച്ചായിരുന്നു രജനി രാഷ്ട്രീയ പ്രവേശന സൂചന നൽകിയത്. ഡിസംബർ 31-നാണു അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇരുവരുടേയും രാഷ്ട്രീയ പ്രവേശനത്തെ സംഗീത സംവിധായകൻ എ ആർ റഹ്മാൻ സ്വാഗതം ചെയ്തിരുന്നു. ആത്മീയ രാഷ്ട്രീയം എന്നതു കൊണ്ട് നല്ലതു മാത്രമായിരിക്കും രജനീകാന്ത് ഉദ്ദേശിച്ചതെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും റഹ്മാൻ പറഞ്ഞു. ആരു രാഷ്ട്രീയത്തിൽ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കർഷകരുടെ ജീവിതം കൂടുതൽ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍, ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരവും ഡിഎംഡികെ നേതാവ് വിജയ്കാന്തിന്റെ ഭാര്യ പ്രേമലത രംഗത്തുവന്നു. ഇത്രകാലം ഉറങ്ങിക്കിടന്നവരാണ് രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് വരുന്നതെന്നാണ് ഇവരുടെ അഭിപ്രായം. എന്നും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാണ് പാര്‍ട്ടിയെന്നും. തമിഴ് മക്കളുടെ മനസ്സില്‍ തന്റെ ഭര്‍ത്താവിന് ഇപ്പോഴും സ്ഥാനമുണ്ടെന്നും ഇവര്‍ പറഞ്ഞു.