ഹരിയാണയിലെ ഗ്രാമത്തിൽ എന്നും രാവിലെ മൈക്കിലൂടെ ദേശീയഗാനം;എല്ലാവരും കൂടെപ്പാടണം

single-img
5 January 2018

ദേശീയഗാനംഹരിയാണയിലെ ഒരു ഗ്രാമത്തിൽ എല്ലാ ദിവസവും രാവിലെ മൈക്കിലൂടെ ദേശീയഗാനം കേൾപ്പിക്കും. ഗ്രാമവാസികളെല്ലാവരും എഴുന്നേറ്റു നിന്ന് കൂടെ ആലപിക്കണം. ഫരീദാബാദ് ജില്ലയിലുള്ള ഭനക്പൂർ എന്ന ഗ്രാമത്തിലാണു ഈ വിചിത്രമായ രാജ്യസ്നേഹപ്രകടനം.

രാവിലെ എട്ടുമണിക്ക് ഇരുപതോളം ലൌഡ് സ്പീക്കറുകളിലൂടെ ഗ്രാമം മുഴുവൻ ദേശീയഗാനം മുഴങ്ങും. അയ്യായിരത്തോളം വരുന്ന ഗ്രാമവാസികൾ എഴുന്നേറ്റ് നിന്ന് കൂടെ ആലപിക്കും.

ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്ന രാജ്യത്തെ രണ്ടാമത്തെ ഗ്രാമമാണു ഭനക്പൂർ. തെലങ്കാനയിലെ ജമ്മികുന്ത എന്ന ഗ്രാമത്തിലാണു ഇത്തരം ഒരു നിയമം ആദ്യം നടപ്പിലാക്കിയത്. ജമ്മികുന്തയിൽ ഇതു നടപ്പാക്കിയ വാർത്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു താൻ ഇത് ഭനക്പുരിയിലും നടപ്പാക്കിയതെന്ന് ഗ്രാമത്തിലെ സർപ്പഞ്ച് ആയ സച്ചിൻ മദോതിയ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

24 വയസ്സുള്ള സച്ചിൻ ഒരു ആർ എസ് എസ് പ്രവർത്തകനാണു. വാൽമീകി സമുദായക്കാരനായ സച്ചിൻ, വിദൂരവിദ്യാഭ്യാസം വഴി പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.

ഗ്രാമത്തിൽ ദേശീയഗാനത്തിനായി ഇരുപതോളം ലൌഡ് സ്പീക്കറുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ഏകദേശം 2.97 ലക്ഷം രൂപ ചെലവായെന്നും സച്ചിൻ പറഞ്ഞു. കൂടാതെ ഗ്രാമത്തിൽ 22 സി സി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഒരു ദിവസം രണ്ടു പ്രാവശ്യം ദേശീയഗാനം ആലപിക്കാനായിരുന്നു ആദ്യം പദ്ധതിയെങ്കിലും തുടക്കമെന്നനിലയിൽ ഒരുപ്രാവശ്യം മതിയെന്നു തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനത്തിനു ഫരീദാബാദ് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് പ്രതാപ് സിംഗ്, ഫരീദാബാദ് എംഎല്‍എ തേക് ചന്ദ് ശര്‍മ്മ, ആർ എസ് എസ് ഹരിയാന ക്ഷേത്രീയ സഹകാര്യവാഹ് ഗംഗാ ശങ്കർ എന്നിവരും പങ്കെടുത്തിരുന്നു.